തിരുവനന്തപുരം: പുതുപ്പളളി എം എൽ എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ പത്ത് മണിക്ക് സഭയിലെ ചോദ്യോത്തര വേളയ്ക്ക് ശേഷമായിരുന്നു ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. കുണ്ടറ എം എൽ എയായ പി സി വിഷ്ണുനാഥിനൊപ്പം സഭയിലെത്തിയ ചാണ്ടി ഉമ്മനെ ഡെസ്കിലടിച്ചാണ് പ്രതിപക്ഷം സ്വീകരിച്ചത്.
മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും അഭിസംബോധന ചെയ്തതിനുശേഷമാണ് ചാണ്ടി ഉമ്മൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.രജിസ്റ്ററിൽ ഒപ്പുവച്ച ശേഷം ചാണ്ടി ഉമ്മൻ സ്പീക്കറുടെ ഡയസിലെത്തി ഹസ്തദാനം ചെയ്തു.
ഇന്ന് എം എൽ എ മാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്ന് മുൻപ് അറിയിപ്പുണ്ടായിരുന്നു. എന്നാൽ എ സി മൊയ്തീൻ അടക്കമുളള മൂന്ന് എം എൽ എമാരുടെ അസാന്നിദ്ധ്യത്തിൽ ഇത് വേറൊരു ദിവസത്തേക്ക് മാറ്റിവച്ചു. സാധാരണ സഭയുടെ അവസാന നാളുകളിലാണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത്. “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്” എന്ന കേന്ദ്രസർക്കാരിന്റെ ആശയം നിലനിൽക്കുന്ന വേളയിൽ ഗ്രൂപ്പ് ഫോട്ടോ കുറച്ച് നേരത്തെയാക്കുന്നതിൽ സംശയം വേണ്ടന്നാണ് നിയമസഭാവൃത്തങ്ങൾ പറയുന്നത്.


