Fri. Nov 20th, 2026

കോഴിക്കോട്: റിമാൻഡിൽ കഴിയുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും മുൻ നക്സലൈറ്റ് നേതാവുമായ ഗ്രോ വാസുവിൻറെ പേരിലുള്ള കേസ് പിൻവലിച്ച് നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് തിരുവോണ ദിവസം കോഴിക്കോടും പയ്യന്നൂരിലും ഉപവാസ സമരങ്ങൾ നടന്നു. ഗ്രോ വസുവിനെ വിട്ടയക്കുക, വ്യാജ ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കുക, കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

വാസുവേട്ടൻ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് ബസ്റ്റാന്റ് പരിസരത്തു നടന്ന ഉപവാസ സമരം അഡ്വ ആനന്ദ കനകം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തക അംബിക അദ്ധ്യക്ഷയായിരുന്നു. അഡ്വ.പി എ പൗരൻ സംസാരിച്ചു. പയ്യന്നൂർ സുഹൃദ് സംഘം പഴയബസ്റ്റാന്റ് പരിസരത്തു സംഘടിപ്പിച്ച ഉപവാസ സമരം കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു.

മൂന്നാം തവണയും റിമാൻഡ് പുതുക്കാനായി കോടതിയിൽ ഹാജരാക്കിയപ്പോൾ ഗ്രോവാസു തൻറെ കേസ് വ്യാജമാണെന്നും ഇത് പിൻവലിക്കണമെന്നും വ്യാജ ഏറ്റുമുട്ടലിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ഉള്ള തന്റെ ആവശ്യം ആവർത്തിച്ച് ഉന്നയിച്ചിരുന്നു.