മോസ്കോ: റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ- 25 പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങി. ലാന്‍ഡിംഗിന് മുന്നോടിയായുള്ള ഭ്രമണപഥത്തിലേക്ക് താഴ്ത്തുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. 50ഓളം വര്‍ഷത്തിനിടെയുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായിരുന്നു ഇത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാണ് റഷ്യ ലക്ഷ്യമിട്ടത്. തിങ്കളാഴ്ചയാണ് സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരുന്നത്. ലുണ- 25മായുള്ള ബന്ധം നഷ്ടപ്പെട്ടതായി റഷ്യയുടെ ദേശീയ ബഹിരാകാശ കോര്‍പറേഷനായ റോസ്കോസ്മോസ് അറിയിച്ചു.
ആഗസ്റ്റ് 11 ന് പുലർച്ചെ 4:40 ന് അമുർ ഒബ്ലാസ്റ്റിലെ വോസ്റ്റോണി കോസ്മോഡ്രോമിൽ നിന്നാണ് ലൂണ-25 ദൗത്യം വിക്ഷേപിച്ചത്. സോയൂസ് 2.1ബി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 1976-ലെ ലൂണ-24 ദൗത്യത്തിന് ശേഷം ഇതുവരെ ഒരു റഷ്യൻ വാഹനവും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയിട്ടില്ല. ഇന്ത്യയുടെ ചന്ദ്രയാൻ-3 വിക്ഷേപിച്ച് ഒരു മാസത്തിന് ശേഷമായിരുന്നു റഷ്യൻ വിക്ഷേപണം.
അതേസമയം, ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ആഗസ്റ്റ് 23ന് വൈകീട്ട് 5.45ന് സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങും. ഇതിനായുള്ള തയ്യാറെടുപ്പാണ് ഇനി നടക്കുക.


