Sat. Nov 21st, 2026

✍️ സുരേഷ്. സി ആർ

സംഗീതത്തിന്റെ മാസ്മിരികത മലയാളിയ്ക്ക് മുന്നിൽ അവതരിപ്പിച്ച ചലച്ചിത ഗാനരംഗത്തെ അതികായനായ സംഗീത സംവിധായകനാണ് ജോൺസൺ (1953 – 2011). മലയാള സിനിമാസംഗീതത്തിന് ഗൃഹാതുരത്വത്തിന്റെയും സ്വരമാധുരിയുടേയും പുതിയ ഭാവം നല്‍കിയ അദ്ദേഹം തന്റെ ഓരോ ഗാനത്തെയും ആത്മാവിഷകാരമാക്കിയ പ്രതിഭയാണ്. ദേവരാജനുശേഷം ഏറ്റവുമധികം മലയാളചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ജോൺസൺ പശ്ചാത്തലസംഗീതത്തിന് രണ്ട് തവണ ദേശീയ അവാർഡ് നേടിയ ഏക മലയാളിയുമാണ്.

തൃശൂർ നെല്ലിക്കുന്നിൽ ജനനം. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കി. കുട്ടിക്കാലത്തുതന്നെ നെല്ലിക്കുന്നിലെ സെന്റ് സെബാസ്ത്യൻ ഇടവകപ്പള്ളിയിൽ ഗാനങ്ങൾ അവതരിപ്പിക്കാനും ഗിത്താർ, ഹാർമോണിയം എന്നീ സംഗീത ഉപകരണങ്ങൾ പഠിക്കുവാനും അവസരം ലഭിച്ചു. സ്കൂൾ യുവജനോത്സവവേദികളിലും മറ്റ് ഗാനമേളട്രൂപ്പുകളിലും പാടാനും ഹാർമോണിയം വായിക്കാനും തുടങ്ങി. ചില ഗാനമേളകളിലൊക്കെ സ്ത്രീകളുടെ ശബ്ദത്തിലും തന്റെ ശബ്ദം ഉപയോഗിച്ചിരുന്നു.

1968-ൽ സുഹൃത്തുക്കളുമൊത്ത് “വോയിസ് ഓഫ് തൃശ്ശൂർ” എന്ന സംഗീത ക്ലബ്ബ് രൂപീകരിച്ചു. കുറഞ്ഞ കാലംകൊണ്ടു തന്നെ ഇത് കേരളത്തിലെ മികച്ച സംഗീത ട്രൂപ്പുകളിലൊന്നായി മാറി. ഗായകൻ ജയചന്ദ്രനിലൂടെ ദേവരാജൻ മാസ്റ്ററെ പരിചയപ്പെട്ടതോടെ ചലച്ചിത്ര ലോകത്തേക്കുള്ള വഴി തുറന്നു. 1978-ൽ ഭരതന്റെ ‘ആരവം’ ആയിരുന്നു ആദ്യ സിനിമ.

ദേശീയ തലത്തിൽ -പൊന്തൻമാട (1994), സുകൃതം (1995), സംസ്ഥാന തലത്തിൽ – സദയം (1992), സല്ലാപം (1996) എന്നീ ചിത്രങ്ങൾക്ക് മികച്ച പശ്ചാത്തലസംഗീതത്തിനും ഓർമ്മയ്ക്കായി (1982), വടക്കുനോക്കിയന്ത്രം, മഴവിൽക്കാവടി (1989), അങ്ങനെ ഒരു അവധിക്കാലത്ത് (1999) എന്നീ ചിത്രങ്ങളിലൂടെ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

തൂവാനത്തുമ്പികൾ, മണിച്ചിത്രത്താഴ്, ചിത്രം, ഭരതം, കിരീടം, അപരൻ, നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ, പെരുന്തച്ചൻ, അമരം, പാദമുദ്ര, പരിണയം തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തലസംഗീതം ശ്രദ്ധേയമാണ്.

മെല്ലെ മെല്ലെ മുഖപടം, ദേവാങ്കണങ്ങൾ, ദേവീ ആത്മരാഗമേകാം, നീലരാവിലിന്നു നിന്റെ, കണ്ണെത്താ ദൂരെ, ഗോപികെ നിൻ വിരൽ, രാജഹംസമെ, ഏതോ ജന്മ കപ്പനയിൽ, നാഥാ നീ വരു, ദൂരെ ദൂരെ സാഗരം തേടി, അറിയാതെ അറിയാതെ എന്നിലെ എന്നിൽ നീ, സ്വർണമുകിലെ, കണ്ണീർപൂവിന്റെ കവിളിൽ തലോടി, മധുരം ജീവാമൃതബിന്ദു, മൗനത്തിൻ ഇടനാഴിയിൽ തുടങ്ങി മലയാളിത്തം തുളുമ്പുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ചു.