കോട്ടയം: വിശുദ്ധ ഗീവർഗീസ് സഹദാ എന്ന അന്താരഷ്ട്ര മിത്തിന്റേയും ഗണപതി എന്ന ഇൻഡ്യൻ മിത്തിന്റെയും വക്താക്കൾ പരസ്‌പരം കൂടിക്കാഴ്ച നടത്തി. ‘മിത്തിൽ’ പരസ്പരം പോരടിച്ച എൻഎസ്എസും സിപിഎമ്മും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പോടെ പിണക്കം മറന്നു. ഗണപതി എന്ന മിത്തിൻറെ വക്താവായി ശാസ്ത്രമല്ല വിശ്വാസമാണ് വലുതെന്ന ജനാധിപത്യവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ പ്രസ്താവന നടത്തി സ്വയം അപമാനിതനായ സുകുമാരൻ നായരും; ”പുതുപ്പള്ളിയിലെ വിശ്വാസിക്കും അവിശ്വാസിക്കും കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും ബിജെപിക്കാർക്കും ഒരു പുണ്യാളനെ ഉള്ളൂ അത് വിശുദ്ധഗീവർഗീസ് സഹദായാണെന്നു” പ്രഖ്യാപിച്ച് രംഗത്തുവന്ന പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസും തമ്മിൽ കൂടിക്കാഴ്ച നടത്തി. വർഗീയതയെ പടിയടച്ചു പുറത്താക്കിയ കേരളത്തിലെ നേതാവാണ് സുകുമാരനനായരെന്നു സർട്ടിഫിക്കറ്റും കൊടുത്തു.

സഭാ, സാമുദായിക നേതാക്കളെ നേരിൽ കണ്ട് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ഇന്നലെമുതൽ പ്രചാരണം തുടങ്ങിയിരുന്നു. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ഇന്നലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ജെയ്ക്ക് കണ്ടിരുന്നു. ദേവലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭാക്ഷ്യനെയും ജെയ്ക്ക് സന്ദർശിച്ചിരുന്നു. സ്പീക്കർ വിവാദത്തിൽ എൻ എസ് എസ് നേരിട്ട് പ്രതിഷേധിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ജെയ്ക്കിൻ്റെ പെരുന്ന സന്ദർശനം.
അതേ സമയം, പള്ളിത്തർക്കം സങ്കീർണമായി നില നിൽക്കെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിച്ചത്. ഓർത്തഡോക്സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും അത് നടപ്പിലാക്കാൻ തടസങ്ങളുണ്ടെന്നും രണ്ട് വിഭാഗക്കാരും യോജിച്ച് മുന്നോട്ട് പോകണമെന്നും സിപിഎം സംസ്ഥാ സെക്രട്ടറി ആവശ്യപ്പെട്ടു. പൂർണമായും യാക്കോബായക്കാർ നിർമ്മിച്ച പള്ളികളുണ്ട്. പളളികൾ നിയമപരമായി ഓർത്തഡോക്സിന് കൊടുക്കണമെന്ന് പറയുന്നത് സങ്കീർണ്ണമായ കാര്യമാണ്. ഇരുകൂട്ടരും സമാധാനപരമായി ചർച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നും വിഷയത്തിൽ സർക്കാരും സിപിഎമ്മും പക്ഷം ചേരാനില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഞായറാഴ്ച ദിവസം പ്രവർത്തകരോടൊപ്പം ഭവന സന്ദർശനത്തിന്‍റെ തിരക്കിലാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പള്ളിത്തർക്കമടക്കം വിവാദ ചോദ്യങ്ങളിൽ നിന്ന് ചാണ്ടി ഉമ്മൻ പക്ഷേ ഒഴിഞ്ഞുമാറി.


