കൊച്ചി: പശ്ചിമ കൊച്ചിയിലെ ആദ്യകാല മാധ്യമപ്രവർത്തകനും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സി ടി തങ്കച്ചൻ ഇനി ഓർമ്മ. ദീർഘനാളായി അസുഖബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9.30 ന് പള്ളുരുത്തി ചിറയ്ക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
മാധ്യമപ്രവർത്തനത്തിൽ നിന്നു വിരമിച്ച ശേഷം വീടിനോടു ചേർന്നു ഹോട്ടൽ ആരംഭിച്ച സമയത്തായിരുന്നു അദ്ദേഹത്തിന് ഹൃദ്രോഗം ബാധിച്ചത്. ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം അതു ഭേദമായെങ്കിലും പിന്നീടു രണ്ടു വൃക്കകളും തകരാറിലായി.
ചികിത്സയ്ക്കു പണം കണ്ടെത്താൻ വീടിരുന്ന ഭൂമിയിൽ നിന്ന് 2 സെന്റ് വിറ്റു. ഡയാലിസിസിനും ചികിത്സയ്ക്കുമായി മാത്രം മാസം 50,000 രൂപ ചെലവുണ്ടായിരുന്നു. അതുകണ്ടെത്താനായി രണ്ടു വർഷം മുൻപു രചിച്ച ‘വീഞ്ഞ്’ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് ഇറക്കിയിരുന്നു. പുസ്തകം വിറ്റു ലഭിക്കുന്ന മുഴുവൻ പണവും തുടർ ചികിത്സയ്ക്ക് ഉപയോഗിക്കുമെന്നു പ്രസാധകർ അറിയിച്ചിരുന്നു.
അദ്ദേഹത്തിൻ്റെ ജീവിതം വിവരിക്കുന്ന “വീഞ്ഞ്” ഏറെ ശ്രദ്ധേയമായ കൃതിയാണ്. എം. ഗോവിന്ദൻ, എംവി ദേവൻ, കാക്കനാടൻ, മാധവിക്കുട്ടി ജോൺഎബ്രഹാം തുടങ്ങിയ സാംസ്കാരികരംഗത്ത് നിറഞ്ഞുനിന്നിരുന്ന ഒട്ടേറെപ്പേരെക്കുറിച്ചുള്ള ഓർമ്മകളാണ് പുസ്തകം.


