Mon. Nov 23rd, 2026

✍️  ചന്ദ്രപ്രകാശ്.എസ്.എസ്

എസ് കെയുടെ ആദ്യനോവൽ നാടൻപ്രേമവും അവസാന നോവൽ നോർത്ത് അവന്യുവും

“ചങ്ങമ്പുഴയുടെ രമണനു ശേഷം ഒരു കഥാപുസ്തകത്തിനുവേണ്ടി പിന്നെ പിടിയും വലിയും തർക്കവും നടക്കുന്നത്‌ കണ്ടത്‌, രണ്ടുവർഷങ്ങൾക്ക്‌ ശേഷമാണ്‌. കുന്നംകുളത്തു നിന്നും വലിയേട്ടൻ ഒരു പുസ്തകം കൊണ്ടുവന്നു. ഓപ്പു വായന തുടങ്ങി. സാധാരണ പുസ്തകങ്ങളെക്കാൾ ചെറിയ വലിപ്പം. അതു വായിക്കാൻ തിരക്കുകൂട്ടുന്ന കൊച്ചുണ്ണിയേട്ടനോട്‌ ഓപ്പു പറഞ്ഞു ‘തീർന്നിട്ടില്ല’. കൊച്ചുണ്ണിയേട്ടന്‌ മനസ്സിലായി. രണ്ടാംവായനയും കഴിഞ്ഞ്‌ മുപ്പത്തിമൂന്നാം വായനയിലാണ്‌. വീട്ടുപണിക്കിടയിൽ പുസ്തകം ആരെങ്കിലും തപ്പിയെടുത്ത്‌ കൊണ്ടുപോകാതിരിക്കാൻ അവരത്‌ ഭദ്രമായി എവിടെയോ ഒളിപ്പിച്ചുവെച്ചിരുന്നു. ഒടുക്കം പുസ്തകം കൈമാറി, കൊച്ചുണ്ണിയേട്ടന്റെ വായന കഴിഞ്ഞതിനു ശേഷം അത്‌ ആരോ പുന്നയൂർക്കുളത്തേക്ക്‌ കൊണ്ടുപോയി. അവിടെ നിന്നും മാസങ്ങൾക്കുശേഷം കൂടല്ലൂരെത്തുന്നു. അപ്പോഴേക്കും പല കൈകളിലൂടെ കടന്നുപോയി, കടലാസ്‌ മുഷിഞ്ഞിരുന്നു. പുറംപട്ട ഒടിഞ്ഞിരിക്കുന്നു. ഞാൻ വായിക്കാനാരംഭിച്ചപ്പോൾ ബഹളം നിലച്ചിരിക്കുന്നു. ആരും ശല്യപ്പെടുത്താനില്ല. ഇത്രയേറെ കൈമാറിക്കഴിഞ്ഞ പുസ്തകമെന്താണ്‌ ? ‘നാടൻപ്രേമം’ എസ്‌.കെയുടെ നോവൽ. (എം.ടി. വാസുദേവൻ നായർ)

എസ്‌.കെ.പൊറ്റെക്കാട്ട് എഴുതിയ ആദ്യനോവലാണ്‌ ‘നാടൻപ്രേമം’.പേര്‌ സൂചിപ്പിക്കുന്നതുപോലെ തന്നെ ഗ്രാമീണവിശുദ്ധി നിറഞ്ഞു തുളുമ്പുന്ന ഒരു പ്രണയകാവ്യമാണ്‌ നാടൻപ്രേമം. ചങ്ങമ്പുഴയുടെ രമണനുശേഷം മലയാളിയുടെ സാംസ്കാരിക മനസ്സിൽ പ്രണയതരംഗങ്ങൾ ഉണർത്തിയ കൃതിയായിരുന്നു ഇത്‌.

കോഴിക്കോട് ജില്ലയിലെ ഒരു സാധാരണഗ്രാമമായ മുക്കവും അവിടുത്തെ ഇരുവഴിഞ്ഞിപ്പുഴയും ഇന്ന് ഏറെ പ്രസിദ്ധമാണ്. 60കളിൽ മുക്കം സാക്ഷ്യംവഹിച്ച ഒരു വിപ്ലവപ്രണയത്തിന്റെ ഗാഥകൾ ഇന്നും കേരളത്തിൽ കെട്ടടങ്ങിയിട്ടില്ല. ഡോക്യുമെന്ററികളിലൂടെയും സിനിമയിലൂടെയുമെല്ലാം കാഞ്ചനമാലയും മൊയ്തീനും അവർ ജീവിച്ച നാടും നമുക്ക് സുപരിചിതമാണ്. എന്നാൽ അതിനും എത്രയോ വർഷങ്ങൾക്കു മുമ്പേ ഇരുവഴിഞ്ഞിക്കരയിൽ ഒരു പ്രണയകഥ പിറന്നിരുന്നു. എസ് കെയുടെ നാടൻ പ്രേമത്തിലൂടെ. അതിലെ നായികാ-നായകന്മാരാണ് മാളുവും രവീന്ദ്രനും.

എസ്.കെയുടെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത എം.ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് ഒരു ചെറിയ ഭാഗം കൂടി-

“ചങ്ങമ്പുഴയുടെ രമണൻ പുറത്തിറങ്ങിയപ്പോൾ കേരളത്തിൽ ഒരു കോളിളക്കം തന്നെയുണ്ടായി.രമണൻ്റെ ഓരോ കോപ്പിയും അടിച്ചുകഴിയുമ്പോഴേക്ക് തന്നെ വിറ്റഴിക്കുന്ന അവസ്ഥ. ആളുകൾ പുസ്തകം വാങ്ങാനായി തിക്കിത്തിരക്കി കാത്തുനിന്ന കാലം. മലയാളത്തിൽ ഇങ്ങനെയൊരു പുസ്തകം ഇനി ഉണ്ടാകില്ലെന്ന് എല്ലാവരും പറയുന്ന കാലം. അക്കാലത്താണ് എസ്.കെ.യുടെ നാടൻപ്രേമമെന്ന ചെറുനോവൽ കുന്നംകുളത്തെ പ്രസ്സിൽ അടിക്കുന്നത്. അതിലെ പാട്ടുകളെല്ലാം മുക്കം പുഴ കടന്നുവരെ പോകുന്നു.

“കറുത്താലും വേണ്ടില്ല… വെളുത്താലും വേണ്ടില്ല… എനിക്കെൻ്റെ ഡ്രൈവറെ തന്നെ മതി” എന്ന വരിയെല്ലാം ഏറ്റു പാടിയവർ ഏറെയായിരുന്നു. ചങ്ങമ്പുഴയുടെ കവിതയ്ക്കുവേണ്ടി കാത്തിരുന്ന പോലെ നാടൻപ്രേമത്തിൻ്റെ ഒന്നാം പതിപ്പിനും രണ്ടാം പതിപ്പിനുമായി ആളുകൾ കാത്തിരുന്ന കാലം. “

സിനിമാ-സാഹിത്യ മേഖലകളില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന നിരവധി പേർ കേരളത്തിലുണ്ട്. ഒരു ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ രണ്ട് പ്രമുഖന്മാരായ സാഹിത്യ പ്രതിഭകള്‍ ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു. ഒരു ദേശത്തിന്റെ കഥയെഴുതിയ എസ്.കെ.പൊറ്റക്കാടാണ് 1962 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തലശേരി പാർലമെന്റ‌് മണ്ഡലത്തിൽ ഇടതു സ്ഥാനാർഥി. എതിരാളി സാമൂഹ്യ വിമർശങ്ങളിൽ വെന്നിക്കൊടി പാറിച്ച സാഹിത്യകാരനായ കോൺഗ്രസ് സ്ഥാനാർത്ഥി സാക്ഷാൽ സുകുമാർ അഴീക്കോട്. അന്ന് 66000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ.ടി.സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോടിനെ എസ്.കെ.പൊറ്റക്കാട് തെരഞ്ഞെടുപ്പ് ഗോദയിൽ മലർത്തിയടിച്ചത്.

സുകുമാര്‍ അഴീക്കോടിന് അത് ആദ്യ തെരഞ്ഞെടുപ്പ് അനുഭവമായിരുന്നെങ്കില്‍ എസ്.കെ പൊറ്റക്കാടിന്റേത് രണ്ടാം അങ്കമായിരുന്നു. 1956 ലെ ഐക്യകേരള രൂപീകരണത്തിന് ശേഷം ആദ്യമായി നടന്ന ലോക്സഭാ പൊതുതെരഞ്ഞെടുപ്പില്‍ 1957 ല്‍ ഇതേ തലശ്ശേരിയില്‍ നിന്നും ലോക്‌സഭയിലേക്ക് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് എസ്.കെ. പൊറ്റെക്കാട്ട് ആയിരുന്നു. അന്ന് എസ് കെ പരാജയപ്പെട്ടത് 1000 വോട്ടിനാണ്. വിജയിച്ചത് കോൺഗ്രസിൻ്റെ എം.കെ ജിനചന്ദ്രനും.

62 ലെ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായ പൊറ്റക്കാടിനെയായിരുന്നു മുസ്ലിംലീഗ് പിന്തുണച്ചത്. തലശ്ശേരിയില്‍ നിന്നും ഇന്ത്യന്‍ പാര്‍ലിമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടശേഷം പിന്തുണ നല്‍കിയ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ സന്ദര്‍ശിച്ച് നന്ദി പറയാൻ എസ് കെ തീരുമാനിച്ചു. അതനുസരിച്ച് തങ്ങളുടെ അരിക്കച്ചവട കേന്ദ്രമായ കോഴിക്കോട്ടെ പാണ്ട്യാലയില്‍ എത്തി തങ്ങളെ കണ്ടു. അന്നേരം തങ്ങൾ ഒരു ആവശ്യം എസ്.കെയുടെ മുന്നിൽവച്ചു.

” നിങ്ങള്‍ ദല്‍ഹിയിലെത്തിയാല്‍ പാര്‍ലമെന്റ് അനുഭവത്തിൻ്റെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ എഴുതണം.എന്നിട്ട് അത് ചന്ദ്രികക്കു നല്‍കണം “

നിറഞ്ഞ സന്തോഷത്തോടെ എസ് കെ അതേറ്റെടുത്തു. ആ വാഗ്ദാനമാണ് പിന്നീട് “നോര്‍ത്ത് അവന്യു” എന്ന തുടർ നോവലായി ചന്ദ്രിക ആഴ്ചപ്പതില്‍ വെളിച്ചം കണ്ടത്. നോർത്ത് അവന്യു എഴുതി പൂർത്തിയാക്കാതെയാണ് എസ്.കെ. വിടപറഞ്ഞത്. പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ പൊറ്റക്കാടിന്റെ മാസ്റ്റർ പീസ് ആകുമായിരുന്നു ഈ നോവൽ എന്നാണ് ചില നിരൂപകർ പറഞ്ഞിട്ടുള്ളത്.വിമോചന സമരം, ചൈനീസ് ആക്രമണം, നെഹ്‌റുവിന്റ അന്ത്യ നാളുകൾ, കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ പിളർപ്പ്, പാർലമെന്റിലെ ഉൾനാടകങ്ങൾ ഇവയെല്ലാം ഇതിവൃത്തമായിരുന്ന ആ നോവൽ പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം കടന്നു പോയത് നമ്മുടെ നിർഭാഗ്യം.