കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരി ചാന്ദ്‌നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചതായി ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്.ഇന്നു രാവിലെ പ്രതി തന്നെയാണു മൃതദേഹം ഉപേക്ഷിച്ച സ്ഥലം പറഞ്ഞതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും എസ്പി പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കുട്ടിയെ മറ്റൊരാള്‍ക്കു കൈമാറിയെന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണു നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും റൂറല്‍ എസ്പി മാധ്യമങ്ങളോടു പറഞ്ഞു.
ഇന്നലെയാണ് ആലുവ ഗ്യാരേജില്‍ നിന്ന് അഞ്ച് വയസുകാരി ചാന്ദ്നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാര്‍ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ അസഫാക്കെന്ന പ്രതി കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടിയുടെ വീടനടുത്ത് താമസിക്കാന്‍ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ കെഎസ്ആര്‍ടിസി ബസ്സില്‍ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ മണിക്കൂറുകള്‍ക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയില്‍ നിന്നാണ് പ്രതി പിടിയില്‍ ആയത്. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് പിന്നാലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പിനെത്തി. എന്നാല്‍ ജനരോഷം കാരണം ജീപ്പില്‍ നിന്ന് പ്രതിയെ ഇറക്കാന്‍ പൊലീസിന് സാധിച്ചില്ല.


