പത്തനംതിട്ട: ഒന്നരവർഷം മുൻപ് കാണാതായ ആളെ കൊന്ന് വീട്ടിനോട് ചേർന്ന റബർ തോട്ടത്തിൽ കുഴിച്ചിട്ടാതായി ഭാര്യ. കലത്തൂർ പാടം സ്വദേശി നൗഷാദ് എന്നയാളാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. ഇയാളുടെ ഭാര്യ അഫ്സാന പാെലീസ് കസ്റ്റഡിയിലാണ്. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നൗഷാദിന്റെ മൃതദേഹത്തിനായി പൊലീസ് തെരച്ചിൽ നടത്തുന്നത്.
നൗഷാദ് മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിച്ചിരുന്നെന്നും ഗതികെട്ടാണ് കൊന്നതെന്നും അഫ്സാന പറഞ്ഞതായാണ് വിവരം. പരുത്തിപ്പാറയിലെ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെയാണ് കുഴിച്ചിട്ടതെന്നാണ് ഭാര്യയുടെ മൊഴി. എന്നാൽ ഇവർ മൊഴി മാറ്റി പറയുന്നതിനാൽ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. വീട്ടിന്റെ പരിസരത്ത് ഇപ്പോൾ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. നൗഷാദിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് അന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയുടെ മൊഴിയിൽ വെെരുദ്ധ്യം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായി മൊഴി നൽകി. നിലവില്‍ പരുത്തിപ്പാറയിലെ വീടിന് പിറകില്‍ അഫ്‌സാന കാണിച്ച സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്.


