മലപ്പുറം: കാസർകോട് കാഞ്ഞങ്ങാട്ട് മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴങ്ങിയതിൽ ഖേദം പ്രകടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി തങ്ങൾ. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നത് മുസ്ലിം ലീഗിന്റെ നയമല്ലെന്ന് മാത്രമല്ല രഞ്ജിപ്പും സൗഹൃദവുമുണ്ടാക്കുന്നതിന് ഓരോ പ്രവര്‍ത്തകനും തയ്യാറാകണമെന്നത് പാര്‍ട്ടിയുടെ അടിസ്ഥാന തത്വമാണ്. സ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ സംഘടനയുടെ ലേബലില്‍ ഒരു വ്യക്തി നടത്തിയ അപരാധത്തിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ അറിയിച്ചു.
പാര്‍ട്ടിയുടെ ആശയാദര്ശങ്ങള്ക്ക് വിരുദ്ധമായി പ്രവര്ത്തിക്കുന്നവുരെയും മതസൗഹാര്‍ദത്തിന് കോട്ടം തട്ടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെയും സംഘടനയില്‍ ഒരു നിലക്കും വെച്ച് പൊറുപ്പിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുസ്സലാമിനെ യൂത്ത് ലീഗ് പുറത്താക്കിയിട്ടുണ്ട്.
ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ച് നൽകിയതിൽ നിന്നും വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നത്. സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാന പ്രകാരം ഇന്നലെയാണ് ജില്ലകളിൽ മണിപ്പൂർ ഐക്യദാർഢ്യ റാലികൾ നടന്നത്. വിവാദ മുദ്രാവാക്യം സംഘപരിവാർ സാമൂഹിക മാധ്യമങ്ങളിലും മറ്റും വിദ്വേഷ പ്രചാരണത്തിനായി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.


