Sat. Nov 21st, 2026

✍️ ചന്ദ്രപ്രകാശ്.എസ്.എസ്

ഒരച്ഛൻ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങവെ എതിരാളിയുടെ പ്രചാരണയോഗം സ്വന്തം മകന്‍ ഉദ്ഘാടനം ചെയ്യുക. നാട് മുഴുവന്‍ ഓടി നടന്ന് പിതാവിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും എതിരെ പ്രസംഗിക്കുക. വ്രണിത ഹൃദയനായി ആ അച്ഛൻ എല്ലാറ്റിനും സാക്ഷിയാവുക. മകനു മറുവേദിയില്‍ മറുപടി പറയേണ്ടിവരിക. ഇതൊക്കെ അനുഭവിച്ച ഒരു അച്ഛൻ. ഒരേ വീട്ടില്‍ അന്തിയുറങ്ങിക്കൊണ്ടായിരുന്നു കേരളം എന്നെന്നും ഓര്‍മ്മിക്കുന്ന ഈ അച്ഛന്റേയും മകന്റേയും രാഷ്ട്രീയ ജീവിതത്തിലെ പോര്‌. വീട്ടിനകത്ത് ഇരുവരും രാഷ്ട്രീയം പറയാതിരിക്കാന്‍ ശ്രദ്ധിച്ചുവെങ്കിലും പുറത്തത് നന്നായി തന്നെ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും തിരുക്കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സാക്ഷാല്‍ സി.കേശവനായിരുന്നു ആ പിതാവ്. മകനാവട്ടെ ആര്‍എസ്പി നേതാവും കേരളത്തിലെ മാധ്യമ ചരിത്രത്തിലെ മുടിചൂടാമന്നനും ഉജ്വല വാഗ്മിയുമായിരുന്ന കെ.ബാലകൃഷ്ണന്‍ എന്ന കൗമുദി ബാലകൃഷ്ണനും.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ സി.കേശവനും മകൻ കെ.ബാലകൃഷ്ണനും ഒരേ സമയത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞവരാണ്. സി.കേശവന്റെ ആത്മകഥയായ ‘ജീവിതസമര’ത്തിന്‌ അവതാരിക എഴുതിയത്‌ മകൻ കെ ബാലകൃഷ്ണനാണ്‌. ഒരു പക്ഷേ ഇതൊരു ചരിത്രമാകാം. അതിൽ അദ്ദേഹം ഇങ്ങനെ കോറിയിട്ടു –

” ജീവിതസമരം അവതരിപ്പിക്കാൻ അച്ഛൻ എന്നോടാവശ്യപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിൽ എനിക്കിതുവരെ ലഭിച്ചിട്ടുള്ളതും ഇനി ലഭിക്കാനിടയുള്ളതുമായ ഏറ്റവും വലിയ പിതൃസ്വത്ത്‌ ഈ ബഹുമതിയാണെന്നു ഞാൻ കരുതുന്നു.”

കെ ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ്‌ വേളയിൽ സി കേശവനെതിരെ തൊടുത്തുവിട്ട രാഷ്ട്രീയ വിമർശനങ്ങൾ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ സി കേശവൻ പ്രസംഗിച്ചതിങ്ങനെ-

“എന്റെ മകനായ ബാലനാണ്‌ എന്റെ മുഖ്യ എതിരാളി. ഞാൻ വാടക കൊടുക്കുന്ന വീട്ടിൽ താമസിച്ചുകൊണ്ട്‌ എന്റെ ചോറും ഭക്ഷണവും കഴിച്ച്‌ എന്റെ പശുക്കളുടെ പാലും കുടിച്ചിട്ടാണ്‌ അവൻ ഈ വൻ പ്രചരണം എനിക്കെതിരെ നീക്കുന്നത്‌. ഒരു ദരിദ്രനായ ഞാൻ പല പണച്ചാക്കുകളെയും എതിർത്തുകൊണ്ടാണ്‌ ഈ നിയോജക മണ്ഡലത്തിൽ ഒരു ജീവന്മരണസമരം തന്നെ നടത്തുന്നതെന്ന സത്യം അവൻ സൗകര്യപൂർവം വിസ്മരിക്കുന്നു.”

രാഷ്ട്രീയ ജീവിതത്തിൽ അനുഭവിക്കുന്ന അപൂർവം ചില ആത്മസംഘർഷങ്ങളാണിത്‌. ആ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളിയായിരുന്നെങ്കിലും കെ.ബാലകൃഷ്ണൻ ആരാധിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം സി.കേശവനാണെന്നതാണ്‌ മറ്റൊരു വസ്തുത.

അച്ഛനെതിരെ ജന്മനാടായ മയ്യനാടുവച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രചരണം ഉദ്ഘാടനം ചെയ്യുമ്പോൾ കെ.ബാലകൃഷ്ണൻ അനുഭവിച്ച ആത്മപീഡനം കുറച്ചൊന്നുമായിരുന്നില്ല. ജീവിതാന്ത്യം വരെ മനോവേദന പകർന്ന ആ പ്രസംഗത്തെ കെ.ബാലകൃഷ്ണൻ രേഖപ്പെടുത്തിയതിങ്ങനെ –

” മയ്യനാട്ടു കണ്ട ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു അന്നത്തേത്‌. ഞാൻ പ്രസംഗിച്ചു. അടുത്ത ഒരു വീട്ടിലിരുന്ന് എന്റെ അമ്മ ഞാൻ പ്രസംഗിച്ചത്‌ ശ്രദ്ധിച്ചുകേട്ടു”

ഞാനോർമ്മിക്കുന്നു.

” ദൈവത്തിൽ എനിക്കു വിശ്വാസമില്ല, അന്ധമായ വിശ്വാസത്തിന്റെ പ്രതീകമാണ്‌ ദൈവമെങ്കിൽ എന്റെ ദൈവം സി.കേശവനാണ്‌. എന്റെ അച്ഛനെ, എന്റെ അച്ഛൻ വിശ്വസിക്കുന്നതിനെതിരായ എല്ലാ വിഴുപ്പുകെട്ടുകളും ചുമക്കാൻ ചിലരൊക്കെ പ്രേരിപ്പിക്കുന്നുണ്ട്‌ “

ഞാൻ വീണ്ടും തുടർന്നു.

” എന്റെ അച്ഛനെ തുലയ്ക്കരുതേ, തുലയ്ക്കരുതേ എന്ന പ്രാർഥനയ്ക്കു ഫലമുണ്ടെങ്കിൽ ഞാൻ അനന്തതയോട്‌ പ്രാർഥിക്കുന്നു. എന്റെ അച്ഛനെ ഈ കോൺഗ്രസിൽ നിന്നു രക്ഷിക്കുക. അതു മാത്രമേ എനിക്ക്‌ അഭ്യർഥിക്കാനുള്ളൂ “


പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഞാൻ എന്റെ കസേരയിലേയ്ക്കു പോയി.
എനിക്ക്‌ വിഷമം തോന്നി. എന്റെ അമ്മയെ കാണാൻ പോകാമോ എന്ന്‌ എന്റെ ജീവിതത്തിലാദ്യമായി തോന്നി. മുഖ്യമന്ത്രി സി.കേശവൻ വീട്ടിലുണ്ട്‌. ഞാൻ വീട്ടിൽ ചെന്നു. മുൻവശത്തെ പടികൾ കയറുമ്പോൾ എന്റെ അമ്മ, അച്ഛനോട്‌ പറയുകയാണ്‌.

“പ്രസംഗിക്കുന്നെങ്കിൽ അവൻ പ്രസംഗിക്കുന്നതുപോലെ പ്രസംഗിക്കണം”
അന്ന് അച്ഛൻ കരഞ്ഞു,
അമ്മ കരഞ്ഞു,
മകൻ പൊട്ടിക്കരഞ്ഞു !