കൊച്ചി: നിഖിൽ തോമസിന് വ്യാജ ബികോം സർട്ടിഫിക്കറ്റ് നൽകിയ മുൻ എസ്എഫ്ഐ നേതാവ് അബിൻ സി രാജ് പിടിയിൽ. വിവാദമായ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതിയാണ് അബിൻ. വിദേശത്തായിരുന്ന പ്രതി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
എസ് എഫ് ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി അബിൻ രാജാണ് വ്യാജസർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്തതെന്ന് പിടിയിലായതിന് പിന്നാലെ നിഖിൽ മൊഴി നൽകിയിരുന്നു. തുടർന്ന് മാലദ്വീപിലായിരുന്ന അബിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിരുന്നു. നിഖിലിന്റെ മൊഴിയെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചതോടെ അബിൻ സമാനമായി കൂടുതൽ വ്യാജസർട്ടിഫിക്കറ്റുകൾ ചമച്ചതായുള്ള വിവരം പൊലീസിന് ലഭിച്ചിരുന്നു.
കായംകുളത്ത് മാത്രം പത്തോളം പേർ ഇയാൾ നൽകിയ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കോളേജുകളിൽ പ്രവേശനം നേടുകയും ജോലി സമ്പാദിക്കുകയും ചെയ്തതായി സൂചനയുണ്ട്. രണ്ട് മുതൽ നാല് ലക്ഷം രൂപ വരെയാണ് വ്യാജ സർട്ടിഫിക്കറ്റിനായി പലരും ചെലവഴിച്ചത്. എസ്.എഫ്.ഐ നേതാവായിരുന്നതിനാലാണ് നിഖിലിന് രണ്ട് ലക്ഷം രൂപയ്ക്ക് നൽകിയത്. മറ്റുള്ളവരിൽ നിന്ന് കൂടുതൽ തുക വാങ്ങിയിരുന്നു. ഉപരിപഠനത്തിനും നിയമപഠനത്തിനും ജോലിയ്ക്കുമായാണ് പലരും വ്യാജസർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയത്. കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലായിരുന്നു സർട്ടിഫിക്കറ്റ് കച്ചവടം.
അതേസമയം അബിൻ നൽകിയ വ്യാജസർട്ടിഫിക്കറ്റ് കായംകുളം എംഎസ്എം കോളേജിൽ ഉപരിപഠനത്തിനായി ഉപയോഗിച്ച നിഖിൽ തോമസ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. നിഖിലിനെ തിങ്കളാഴ്ച വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ തട്ടിപ്പിന് ഉപയോഗിച്ച വ്യാജസർട്ടിഫിക്കറ്റും കേസിൽ നിർണായകമായ മറ്റ് നിരവധി രേഖകളും പൊലീസിന് ലഭിച്ചിരുന്നു. സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയെന്ന് പറയുന്ന എറണാകുളത്തെ മാൻ പവർ റിക്രൂട്ട്മെന്റ് ഏജൻസിയിൽ നിഖിലിനെ ഇന്ന് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് രണ്ടാം പ്രതിയായ അബിൻ സി രാജും പിടിയിലാകുന്നത്.


