Sat. Nov 21st, 2026

കാട്ടാക്കട: കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ നിന്ന് പിഴ ഈടാക്കാന്‍ തീരുമാനം. 1,55,938 രൂപ പിഴയായി ഈടാക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. അയോഗ്യരെന്ന് കണ്ടെത്തിയ 39 യൂണിയന്‍ കൗണ്‍സിലര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കാനും തീരുമാനമായി.


കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യുയുസി സ്ഥാനത്തേയ്ക്ക് എസ്എഫ്‌ഐ പാനലില്‍ വിജയിച്ച അനഘ എന്ന വിദ്യാര്‍ത്ഥിനിക്ക് പകരമായി എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്ന വിശാഖിന്റെ പേര് ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജി ജെ ഷൈജുവിന് തല്‍സ്ഥാനത്തു നിന്നും നീക്കിയിരുന്നു.

അനഘ രാജി സന്നദ്ധത അറിയിച്ചതിനാലാണ് വിശാഖിന്റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് സര്‍വകലാശാലക്ക് കൈമാറിയതെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞതിനാല്‍ പത്രിക സമര്‍പ്പിക്കാനാകാത്ത വിശാഖിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഗുരുതര വീഴ്ചയാണെന്ന് സര്‍വ്വകലാശാല കണ്ടെത്തിയിരുന്നു, നിലവില്‍ വിശാഖിനും മുന്‍ പ്രിന്‍സിപ്പലിനുമെതിരെ ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കാട്ടാക്കട പോലീസ് കേസെടുത്തിരുന്നു.