Sun. Nov 22nd, 2026

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലയ സവാദ് ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷനാണ് മാലയിട്ട് സ്വീകരിച്ചത്.

മാലയിട്ടുള്ള സ്വീകരണത്തില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് മന്ത്രി ശിവന്‍കുട്ടിയും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ആര് മാലയിട്ട് സ്വീകരിച്ചാലും ബസിലെ അതിക്രമത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിയോടൊപ്പമാണ് താനെന്ന നിലപാടാണ് ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. അതേസമയം സവാദിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി നേരത്തെ പരാതിക്കാരിയായ നന്ദിതയടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.


യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ശ്രീദേവ് സോമൻ, വട്ടിയൂർക്കാവ് അജിത് കുമാർ, യൂട്യൂബർ ചെകുത്താൻ എന്ന് വിളിക്കുന്ന അജു അലക്സ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ എന്നൊരു മെയിൽ ഷോവനിസ്റ്റ് സംഘടനയുടെ ലേബലിൽ ആയിരുന്നു സ്വീകരണ പരിപാടി. ഞരമ്പ് രോഗികളുടെ പൊതുവിടങ്ങളിൽ ലിംഗംപ്രദർശിപ്പിക്കാനുള്ള അവകാശ സംരക്ഷണത്തിന് വേണ്ടി പൊരുതുന്ന നിരവധിപേർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ജാമ്യം ലഭിച്ച് ആലുവ സബ് ജയിലിനു പുറത്ത് വന്നപ്പോഴാണ് സവാദിനു സ്വീകരണം നൽകിയത്. ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്.


തൃശൂർ സ്വദേശിനിയായ നന്ദിതയ്ക്കാണ് ദുരനുഭവുമുണ്ടായത്. തനിക്കുണ്ടായ ദുരനുഭവം യുവതി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. സവാദിന്റെ വീഡിയോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നു. എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത.

സവാദ് അങ്കമാലിയിൽ നിന്നാണ് ബസിൽ കയറിയത്.മൂന്ന് പേർക്ക് ഇരിക്കാവുന്ന, സ്ത്രീകൾക്ക് മുൻഗണനയുള്ള സീറ്റിൽ നന്ദിതയ്ക്കും മറ്റൊരു യുവതിക്കുമിടയിലാണ് സവാദ് ഇരുന്നത്. ബസെടുത്തതോടെ അയാൾ തന്റെ ശരീരത്തിൽ ഉരസുകയും നഗ്നത പ്രദർശിപ്പിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി. ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച ഇയാളെ ഡ്രൈവറും കണ്ടക്‌ടറും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.