ന്യൂഡല്‍ഹി: ജനാധിപത്യത്തെയും രാഷ്ട്രീയ പാർട്ടികളെയും കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടി വീണ്ടും എൻസിഇആർടിയുടെ പാഠ്യപദ്ധതി പരിഷ്കരണം. പത്താം ക്ലാസിലെ ഡെമോക്രാറ്റിക് പൊളിറ്റിക്സ് പാഠപുസ്തകത്തിൽ ജനാധിപത്യത്തെകുറിച്ച് പറയുന്ന മൂന്ന് പാഠങ്ങളാണ് നീക്കം ചെയ്തത്. ഇതോടൊപ്പം പത്താം ക്ലാസിലെ തന്നെ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ആവർത്തന പട്ടികയെ കുറിച്ചും ഊർജസ്രോതസുകളെ കുറിച്ചുമുള്ള മൂന്ന് പാഠഭാഗങ്ങളും നീക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നടപടിയെന്നാണ് എൻസിഇആർടിയുടെ വിശദീകരണം.
ഡെമോക്രാറ്റിക് പൊളിറ്റിക്സിലെ അഞ്ചാം അധ്യായമായ ‘ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും’, ആറാം അധ്യായമായ ‘രാഷ്ട്രീയ പാർട്ടികൾ’, എട്ടാം അധ്യായമായ ‘ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്നീ പാഠഭാഗങ്ങളാണ് നീക്കിയത്. അഞ്ചാം അധ്യായമായ ‘മൂലകങ്ങളുടെ ആനുകാലിക വർഗ്ഗീകരണം’, 14-ാം അധ്യായമായ ‘ഊർജത്തിന്റെ സ്രോതസ്സ്’, 16-ാം അധ്യായമായ ‘പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര മാനേജ്മെന്റ്’ എന്നീ പാഠഭാഗങ്ങളാണ് സയൻസ് പാഠപുസ്തകത്തിൽ നിന്ന് നീക്കിയത്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പ്രസക്തമായ വിഷയം തിരഞ്ഞെടുത്താല്‍ ഇവയെല്ലാം പഠിക്കാന്‍ സാധിക്കും എന്നാണ് അധികൃതരുടെ ഭാഷ്യം.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കണമെന്നാണ് എൻസിഇആർടി പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രയാസം, ആവര്‍ത്തിക്കുന്നതും അപ്രസക്തവുമായ ഉള്ളടക്കം എന്നീ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിവിധ പാഠഭാഗങ്ങൾ നീക്കുന്നതെന്ന് അധികൃതർ പറയുന്നു.
ഇന്ത്യയില്‍ സ്കൂളുകളില്‍ ശാസ്ത്രം നിര്‍ബന്ധിത വിഷയമായി പഠിപ്പിക്കുന്ന അവസാന വര്‍ഷമാണ് പത്താം ക്ലാസ്. അതിനാല്‍ തന്നെ ബിരുദത്തിന് മുന്‍പ് ശാസ്ത്രം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെ ഇനി ആവർത്തന പട്ടികയെ കുറിച്ച് പഠിക്കാനാകൂ. ഈ വര്‍ഷം ആദ്യം, പത്താം ക്ലാസ് സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് പരിണാമ സിദ്ധാന്തത്തെകുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കിയിരുന്നു.
അടുത്തിടെ എൻസിഇആർടി നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്കരണങ്ങൾ പലതും വിവാദങ്ങൾക്ക് കാരണമായിരുന്നു. 12-ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ ചരിത്രം, ജനാധിപത്യം, ബഹുസ്വരത തുടങ്ങിയ പാഠഭാഗങ്ങളും, 11-ാം ക്ലാസ് പൊളിറ്റികൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിനെകുറിച്ചുള്ള പാഠഭാഗങ്ങളും നേരത്തെ ഒഴിവാക്കിയത് വിവാദങ്ങൾക്ക് കാരണമായിരുന്നു.


