Sun. Nov 22nd, 2026

ജലന്ധർ: ബിഷപ്പ് സ്ഥാനം രാജിവെച്ച് ഫ്രാങ്കോ മുളയ്ക്കൽ. ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചതായി ഇന്ത്യയിലെ വത്തിക്കാൻ കാര്യാലയം അറിയിച്ചു. ഏറെ സന്തോഷവും നന്ദിയുമെന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവാർത്ത അറിയിച്ചുകൊണ്ട് പറഞ്ഞു. ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്ന് ഇനി അറിയപ്പെടും. സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതികരണം. ഇത് സംബന്ധിച്ച വീഡിയോ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ തന്നെ 2014 മുതൽ 2016 വരെ 13 തവണ ബലാത്സംഗം ചെയ്തു എന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണ് ബിഷപ് ഫ്രാങ്കോക്ക് എതിരെ കുറവിലങ്ങാട് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്.


പീഡനക്കേസിൽ നിന്ന് പിന്നീട് വിചാരണ കോടതി ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു. ജലന്ധർ രൂപതാ ആസ്ഥാനത്ത് 2018 ഓഗസ്റ്റ് 13ന് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെ ഉപരോധമടക്കമുണ്ടായി. പിന്നീട് 2018 സെപ്റ്റംബർ 19ന് കൊച്ചിയിലേക്ക് നോട്ടീസ് അയച്ച് വിളിച്ചുവരുത്തുകയും തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ മൂന്ന് ദിവസം ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിനെതിരായ ഹ‍ര്‍ജി കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് രാജി.