തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന ഹര്‍ഷിനക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്. ഹര്ഷിനക്കുള്ള നഷ്ടപരിഹാരം മെഡിക്കല്‍ കുറ്റകൃത്യം നടത്തിയവരില്‍ നിന്നും ഈടാക്കണമെന്നും കമ്മിഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു. നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഹര്‍ഷിനക്ക് വനിതാ കമ്മിഷന് നിയമസഹായം ഉള്‍പ്പെടെയുള്ള എല്ലാ പിന്തുണയും നല്‍കുമെന്നും പി സതീദേവി പറഞ്ഞു.
അതേ സമയം വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രി നല്കിയ ഉറപ്പ് പാലിക്കാതെ വന്നതോടെ രണ്ടാം ഘട്ട സമരത്തിലേക്ക് കടക്കുകയാണ് ഹര്‍ഷിന. 50 ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കുക, ആരോഗ്യ മന്ത്രി ഉറപ്പുകള്‍ പാലിക്കുക, കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നിവയാണ് ആവശ്യങ്ങള്‍.
ശസ്ത്രക്രിയ നടന്ന 2017 മുതല്‍ അഞ്ച് വര്‍ഷമാണ് യുവതി വയറ്റില്‍ കത്രികയുമായി ജീവിച്ചത്. തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ ജീവിതത്തെ ബാധിച്ചതോടെയാണ് ആദ്യം സമരം പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രി നേരിടെത്തി പ്രശ്ന പരിഹാരം ഉറപ്പ് നല്‍കിയതോടെ സമരം പിന്‍വലിച്ചിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കപ്പെട്ടില്ല.


