Sat. Nov 21st, 2026

കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച വ്യക്തിയുടെ മൃതദേഹം വച്ച് വിലപേശുന്നത് കാട്ടുപോത്ത് കാണിച്ചത് പോലുള്ള ക്രൂരതയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. കഴിഞ്ഞ കുറേക്കാലമായി വനമേഖലയിൽ ഉണ്ടാകുന്ന നിസാര കാര്യങ്ങൾ പോലും പെരുപ്പിച്ച് കാട്ടി ചില സംഘടനകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രവർത്തിക്കുന്നുവെന്നും ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.


‘മൃതദേഹവുമായി വിലപേശുന്ന സമരത്തിന് പിന്നിൽ രാഷ്ട്രീയ പാർട്ടികൾ ഇല്ലെന്നാണ് എനിക്ക് ലഭിച്ച വിവരം. വനമേഖലയിലെ ജനങ്ങളെ സർക്കാർ വിരുദ്ധരായി മാറ്റിയെടുക്കാനും അവരിൽ ഏറ്റുമുട്ടൽ സ്വഭാവം വളർത്തിയെടുക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. കാട്ടുപോത്ത് ആക്രമണത്തിന്റെ കാര്യത്തിലും അരിക്കൊമ്പൻ വിഷയത്തിലും ബഫർ സോൺ പ്രശ്നത്തിലും അത് കണ്ടതാണ്. വൈകാരിക പ്രശ്നങ്ങൾ സൃഷ്ടിക്കാനോ ക്രമസമാധാന നില തകർക്കാനോ ഉള്ള നീക്കങ്ങൾ കർശനമായി നേരിടും.’- മന്ത്രി പറഞ്ഞു.

‘വിഷയത്തിൽ കെസിബിസിയുടെ പ്രതികരണം പ്രകോപനപരമാണ്. നിലപാട് അവരുടെ പാരമ്പര്യത്തിന് ചേർന്നതാണോ എന്ന് ദയവായി ആലോചിക്കണം. മതമേലദ്ധ്യക്ഷന്മാരിൽ നിന്ന് പ്രശ്നത്തിന് പരിഹാരം കാണുന്ന തരത്തിലുള്ള നിലപാടാണ് പ്രതീക്ഷിച്ചത്. ജനങ്ങളെ സമാധാനിപ്പിക്കാൻ അവർക്കാണ് കഴിയുന്നത്. പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള സമീപനം അവരുടെ പാരമ്പര്യത്തിന് ചേരുന്നതല്ല.’- എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.