Sun. Nov 22nd, 2026

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടർന്നുണ്ടായ ശൂദ്ര ആർത്തവലഹളയുടെ ഭാഗമായി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ വി ജി ഗിരികുമാർ അറസ്റ്റിൽ. ഗൂഡാലോചനക്കേസിലാണ് ഗിരികുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പി റ്റി പി വാർഡ് കൗൺസിലറും ആർഎസ്എസിന്റെയും ബിജെപിയുടെയും തിരുവനന്തപുരം ജില്ലാ നേതാവുമായ ഗിരികുമാറാണ് പ്രതികൾക്ക് പ്രേരണ നൽകിയതും തെളിവ് നശിപ്പിക്കാൻ ഉൾപ്പെടെ സഹായിച്ചതുമെന്നാണ് പൊലീസ് പറയുന്നത്. ഗിരികുമാറിന് കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഗിരികുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന ടെലിഫോൺ രേഖകൾ അടക്കമുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.


നേരത്തേ ആർഎസ്എസ് പ്രവർത്തകനായ കരുമംകുളം സ്വദേശി ശബരി എസ് നായർ അറസ്റ്റിലായിരുന്നു. ഇന്നലെ രാത്രിയാണ് ഇയാളെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആശ്രമം കത്തിച്ച ദിവസം ശബരി അവിടെ എത്തിയതായി കണ്ടെത്തിയിരുന്നു. മുമ്പ് അറസ്റ്റിലായവരിൽ നിന്നും ശബരിയെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. 2018ലെ ശൂദ്ര ആർത്തവ ലഹളയിലാണ് ആശ്രമത്തിന് മുന്നിലുണ്ടായിരുന്ന വാഹനവും ആശ്രമത്തിന്റെ ചില ഭാഗങ്ങളും കത്തി നശിച്ചത്.