Fri. Oct 30th, 2026

തിരുവനന്തപുരം: പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാല്‍ സിമന്റ് പാലത്തിനു സമീപം ആനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. ഇതും ജാഗ്രതയോടെ വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്. പെരിയാറില്‍ പൂജ നടത്തിയ സംഭവം ചര്‍ച്ചയാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

അരിക്കൊമ്പനെ കുമളി വന മേഖലയിൽ തുറന്നു വിടാൻ എത്തിച്ചപ്പോൾ പെരിയാർ ടൈഗർ റിസർവ്വിനുള്ളിൽ വെച്ച് പൂജാരിയെത്തി ഹൈന്ദവ മാതാചാര പ്രകാരമുള്ള പൂജ നടത്തിയത് വിവാദമായിരുന്നു. ഭരണഘടനാ പ്രകാരം മനുഷ്യനിൽ ശാസ്ത്രബോധം വളർത്താൻ സ്റ്റേറ്റിന് ബാധ്യതയുണ്ട് എന്നതും, സഹജീവികളോടും മൃഗങ്ങളോടും ദയയും സഹിഷ്ണുതയും കാണിക്കുക എന്നതിൽ ഓരോ പൗരനും ബാധ്യതയുണ്ട് എന്നതും പരിഗണിക്കാതെയാണ് ശശീന്ദ്രൻ മന്ത്രിയുടെ വനം വകുപ്പ് പൂജ എന്ന പ്രഹസനം നടത്തിയത്.


പ്രത്യേകിച്ചൊരു മതത്തിലും ചേരാത്ത അരിക്കൊമ്പനായി പൂജ നടത്തിയത് ഹൈന്ദവാചാരപ്രകാരമായിരുന്നു. ഇനിയുള്ള കാലം അരിക്കൊമ്പന് സ്വസ്ഥമായി ജീവിക്കണമെന്നും എല്ലാ സൗഭാഗ്യവും കിട്ടണമെന്നുള്ള ലക്ഷ്യത്തോടെയാണ് പൂജ ചെയ്തതെന്നും പൂജാരി പറഞ്ഞു. വനംവകുപ്പിൻ്റെ നിർദേശപ്രകാരമാണ് പൂജ ചെയ്തതെന്നും പൂജാരി പറഞ്ഞു. അന്ധവിശ്വാസത്തിനെതിരെ നിയമം കൊണ്ടുവരാൻ പോകുന്ന സർക്കാരാണ് സർക്കാർ ചിലവിൽ ടൈഗർ റിസർവ്വിനുള്ളിൽ മയക്കുവെടി വെച്ച ആനയ്ക്കുവേണ്ടി പൂജ നടത്തിയത് എന്നതാണ് തമാശ. ഇതിനാണ് ഇടതുപക്ഷ ഹിന്ദുയിസം എന്ന് പറയുന്നതെന്ന് തോന്നുന്നു.