കോഴിക്കോട്: മലയാള സിനിമ മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ലെന്ന വാദത്തിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ മകൻ നിസാർ. മാമുക്കോയയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ഏതാനും സിനിമാപ്രവർത്തകർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിനെതിരെ സംവിധായകൻ വി എം വിനു പരസ്യമായി രംഗത്ത് വരികയും സിനിമാപ്രവർത്തകരെ ശക്തമായി വിമർശിക്കുകയും ചെയ്തു.
എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നും താൻ എറണാകുളത്ത് പോയി മരിക്കാൻ ശ്രമിക്കുമെന്നും വി എം വിനു പറഞ്ഞു. എന്നാൽ, മാമുക്കോയയുടെ സംസ്കാര ചടങ്ങിൽ പ്രമുഖർ പങ്കെടുക്കാതിരുന്നതിൽ പരാതിയില്ലെന്നാണ് മകൻ നിസാർ പറഞ്ഞത്. ഒന്നിനും പരാതി പറയുന്ന ആളായിരുന്നില്ല തന്റെ പിതാവ്. പലർക്കും പല തിരക്കുകളും ഉണ്ടാവും അത് മാറ്റിവച്ച് ആർക്കും വരാൻ കഴിയില്ല. തന്റെ പിതാവിന്റെ മരണത്തിൽ ഉണ്ടായ വിവാദം ഇതോടെ അവസാനിക്കണം. പിതാവിന് വേണ്ടി ഇനി പ്രാർത്ഥനകൾ മാത്രം മതിയെന്നും നിസാർ പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവർ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.05ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിനുണ്ടായ രക്തസ്രാവത്തെയും തുടർന്നാണ് മരണം. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചിരുന്നു. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു ഖബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍ നടന്നത്. ഒമ്പത് മണിവരെ വീട്ടില്‍ പൊതുദർശനമുണ്ടായിരുന്നു.


