Sun. Nov 22nd, 2026

✍️ ചന്ദ്രപ്രകാശ്.എസ്.എസ്

മത-സാമുദായിക വെല്ലുവിളികളെയെല്ലാം അതിജീവിച്ച് കലാരംഗം തൻ്റെതു കുടിയാക്കി മാറ്റിയ മഹാനടനാണ് മാമ്മൂക്കോയ. മനുഷ്യൻ വ്യത്യസ്ത മത-ജാതി ദേഹങ്ങളും അതിൻ്റെ പേരിൽ കോമരങ്ങളുമാകുന്ന വർത്തമാനകാലത്ത് ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. ഗുരുവിൻ്റെ മഹത് വചനമായ ‘മനുഷ്യാണാം മനുഷ്യത്വം’എന്നത് അക്ഷരാർത്ഥത്തിൽ തന്നെ അദ്ദേഹം ജീവിതത്തിൽ പകർത്തി.

പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഒരു ഭേദവും ഇല്ലാതെ അദ്ദേഹം ജനങ്ങളുമായി ഇടപഴകി. തെരുവിലെ ബാല്യങ്ങൾക്കുവരെ അത്താണിയായിരുന്നു അദ്ദേഹം. ജാതി-മതഭേദങ്ങളില്ലാതെയാവണം ജീവിതമെന്ന് നാടക നടനായിരുന്ന കാലത്തു തന്നെ അദ്ദേഹം തീരുമാനിച്ചുറപ്പിച്ചിരുന്നു.

” തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് എൻ്റെ മതമെങ്കിൽ അങ്ങനെയൊരു തല്ലിപ്പൊളി മതത്തിൽ ഞാനില്ല” എന്നുവരെ ഒരവസരത്തിൽ മാമ്മൂക്കോയ പറഞ്ഞിട്ടുണ്ട്. “ഫോട്ടോ ഹറാമായിരുന്നു, ഹജ്ജിന് പോകണമെങ്കില്‍ ഫോട്ടോ വേണം, അങ്ങനെ ഫോട്ടോ ഹലാലായി”ഇതും മാമ്മൂക്കോയയുടെ വാക്കുകളാണ്.


എക്കാലത്തേയും പുരോഗമനവാദിയായിരുന്നു നടൻ. മുസ്ലീം സ്ത്രീകൾ പാട്ട് പാടരുതെന്നും,ഹിന്ദുവീടുകളിൽ നിന്നും ഭക്ഷണം കഴിക്കരുതെന്നും പ്രസംഗിച്ച മുസ്ലീം പണ്ഡിതനോടുള്ള എതിർപ്പ് പരസ്യമായി ഒരു പ്രസംഗവേദിയിൽ അദ്ദേഹം രേഖപ്പെടുത്തി. അത്തരം പണ്ഡിതന്മാരെ പുറത്താക്കണം എന്നുവരെ ആവശ്യപ്പെട്ടു.

“ഇ എം എസ്സ് മരിച്ച ദിവസത്തിന്റെ പിറ്റേന്ന്. അവസാന ദർശനത്തിന് നീണ്ട ക്യു, എ കെ ജി സെന്ററിനു മുമ്പിൽ. അതിലൊരാളായി കൈലിമുണ്ടും ഷർട്ടുമിട്ട് മമ്മുക്കോയ രാവിലെ ഏഴുമണിക്ക്, അല്പം അകലെ. ക്യൂവിൽ നിൽക്കണോ? ആരോ ചോദിച്ചു. വേണം. ഇ എം എസ്സ് ഒരിക്കലും ഒരിടത്തും ക്യു തെറ്റിച്ചിട്ടില്ല. പിന്നെ ഞാൻ? ഇതു കേട്ടുനിന്ന എന്റെ കണ്ണു നിറഞ്ഞു.” സഖാവ് ഇ എം എസ്സിന്റെ മകൾ ഇ എം രാധയുടെ ഭർത്താവ് സ: സി.കെ ഗുപ്തൻ, മാമ്മൂക്കോയയ്ക്ക് ആദരം അർപ്പിച്ചുകൊണ്ട് ഈ ലേഖകൻ എഫ് ബിയിൽ ഇട്ട മാമ്മൂക്കോയയുടെ ഫോട്ടോയ്ക്ക് താഴെ എഴുതിയ കമൻ്റാണിത്.



ഭക്തിയേയും വിശ്വാസത്തേയും പറ്റി മാമ്മൂക്കോയയുടെ വാക്കുകൾ – “പണ്ട് കുടുംബക്കാർ പറഞ്ഞ് പഠിപ്പിച്ച പല വിശ്വാസങ്ങളും ഇപ്പോ അനാചാരങ്ങളാണെന്ന് തോന്നുന്നു. ഓരോരോ ഗ്രൂപ്പുകൾ ചേർന്ന് ഹോൾസെയിൽ ഭക്തി ഉണ്ടാക്കുകയാണിവിടെ. മഹല്ലുകളിൽ വിവാഹത്തിന് ഗാനമേള നടത്തിയാൽ അവരെ ഒറ്റപ്പെടുത്തുന്ന സാഹചര്യമാണിപ്പോൾ. ബാബുക്കയും, കോഴിക്കോട് അബ്ദുൾ ഖാദറും, മെഹബൂബുമൊക്കെ പാടിത്തകർത്തത് മുസ്ലീം കല്യാണവീടുകളിലെ മെഹഫിലുകളിലാണ്. സംഗീതമാണ് അവിടെ സ്നേഹമായി പരന്നൊഴുകിയത്. പാട്ട് കേൾക്കൽ ഹറാമെന്നാണ് ഇപ്പോൾ പറയുന്നത്. അങ്ങനെ പറഞ്ഞ പണ്ഡിതന്മാർക്ക് ഇപ്പോൾ മൈക്കില്ലാതെ ഉറങ്ങാൻ കഴിയില്ല. മൈക്കിപ്പോൾ ഓട്ടോമാറ്റിക്കായി ഹലാലായി. എസ്.കെ.പൊറ്റക്കാടിൻ്റെയും, ഉറൂബിൻ്റെയും, തിക്കൊടിയൻ്റെയും ജാതി എനക്കറിയില്ല. ബാബൂക്കയെ മതം നോക്കിയല്ല ആളുകൾ ഇഷ്ടപ്പെട്ടത്. മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ്ബിനെ, കോഴിപ്പുറത്ത് മാധവമേനോനും, കുട്ടിമാളുവമ്മയും ആദരിച്ചാണ് കൊണ്ടുനടന്നിരുന്നത്. ഒരിക്കൽ ഞാനൊരു മുജാഹിദ് പള്ളിയിൽ ജുമുഅക്ക് പോയി. അന്നവിടെ ഖുതുബയില് പറയുകയാണ് ‘ഓണാഘോഷത്തിന് മുസ്ലീംങ്ങൾ പങ്കെടുക്കരുതെന്ന്. എനിക്കത് കേട്ടപ്പോൾ വലിയ വിഷമം തോന്നി.”