കണ്ണൂർ: മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേയ്ക്ക് മുഴുവൻ സമ്പാദ്യവും സംഭാവന ചെയ്ത ചാലാടൻ ജനാർദ്ദനൻ (65) അന്തരിച്ചു. കണ്ണൂർ കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബീഡിത്തൊഴിലാളിയായിരുന്നു ജനാർദ്ദനൻ.
കെെയിൽ ആകെയുണ്ടായിരുന്ന 2,00,850 രൂപയിൽ രണ്ടുലക്ഷം രൂപയും വാക്സിൻ ചാലഞ്ചിലേയ്ക്ക് കെെമാറിയതിനേത്തുടർന്ന് ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. കേരളാ ബാങ്കിന്റെ കണ്ണൂർ മെയിൻ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം വാക്സിൻ ചാലഞ്ചിനായി സംഭാവന ചെയ്തശേഷം പേര് പോലും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ ഇക്കാര്യം ബാങ്ക് ജീവനക്കാരൻ ഫേസ്ബുക്ക് വഴിയാണ് എല്ലാരെയും അറിയിച്ചത്.
13ാം വയസിലാണ് ജനാർദ്ദനൻ ബീഡിതെറുപ്പ് തുടങ്ങിയത്. പിന്നീട് ദിനേശ് ബീഡി കമ്പനിയിൽ 36വർഷത്തോളം ജോലി ചെയ്തു. ഭാര്യ പുന്നത്തുംചാൽ രജനിയും ബീഡി തൊഴിലാളിയായിരുന്നു. 2020 ജൂണിലാണ് രജനി അന്തരിച്ചത്. രണ്ടുപേർക്കും കമ്പനിയിൽ നിന്ന് ലഭിച്ച ആനുകൂല്യത്തിൽ നിന്നാണ് വാക്സിൻ ചലഞ്ചിലേയ്ക്ക് പണം നൽകിയത്. അടുത്തകാലം വരെ ജനാർദ്ദനൻ സ്വകാര്യകമ്പനിക്കുവേണ്ടി ബീഡി തെറുത്തുകൊടുക്കാറുണ്ടായിരുന്നു.പിണറായി വിജയൻ സർക്കാർ രണ്ടാംവട്ടം അധികാരത്തിലെത്തിയപ്പോൾ ജനാർദ്ദനന് സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചിരുന്നു.
ജനാർദ്ദനന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കൊവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാർദ്ദനൻ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


