Fri. Nov 20th, 2026

കോഴിക്കോട്: അനില്‍ ആന്റണിയെ ബി ജെ പി അരിക്കൊമ്പനാണെന്ന് വിചാരിച്ചാണു പിടിച്ചതെന്നും എന്നാല്‍ പിടിച്ചത് കുഴിയാനായാണന്നു കാണാനിരിക്കുന്നതേയുള്ളുവെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. അമിത്ഷാ വിചാരിക്കുന്നത് പോലെയൊന്നും നടക്കില്ലെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ ആന്റണിക്ക് ശേഷം കെ സുധാകരനായിരിക്കും ബി ജെ പിയിലേക്ക് പോകുന്നതെന്ന എം വി ജയരാജന്റെ പ്രസ്താവനയോട് രൂക്ഷ പ്രതികരണമാണ് കെ സുധാകരന്‍ നടത്തിയത്. വായില്‍ തോന്നിയത് വിളിച്ചുപറയുന്ന ജയരാജന്റെ വാക്കുകളോട് പ്രതികരിക്കുന്നതു തന്നെ തനിക്ക് നാണക്കോടാണെന്ന് സുധാകരൻ പറഞ്ഞു.


കോണ്‍ഗ്രസില്‍ നിന്നുതന്നെ എ കെ ആന്റണിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന വാര്‍ത്ത താന്‍ അറിഞ്ഞില്ലെന്നും അങ്ങനെയൊന്നുണ്ടെങ്കില്‍ അത് പാര്‍ട്ടി വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി എ കെ ആന്റണി ചെയ്ത ത്യാഗേജ്വലമായ ജീവിതവും പ്രവര്‍ത്തനവും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് ചരിത്രത്തില്‍ അത് എന്നും തിളങ്ങുന്ന അധ്യായമാണ്. അദ്ദേഹത്തെ വിലകുറച്ച് കാണിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കോണ്‍ഗ്രസ് അതിനെ ശക്തിയുക്തം എതിര്‍ക്കും. അത്തരക്കാര്‍ക്കെതിശക്തമായ നടപടിയുമെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.