Sat. Nov 21st, 2026

കോട്ടയം: ശമ്പളമില്ലാത്ത 41-ാം ദിവസമെന്ന് എഴുതിയ ബാഡ്ജ് ധരിച്ച് ഡ്യൂട്ടിചെയ്ത് പ്രതിഷേധിച്ച കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. സി എം ഡിയുടെ റിപ്പോർട്ടിനെ തുടർന്നാണ് സ്ഥലംമാറ്റം റദ്ദാക്കിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

വൈക്കം ഡിപ്പോയിലെ അഖില എസ് നായരെ ആണ് പാലായിലേക്ക് സ്ഥലം മാറ്റിയത്. അഖിലയുടെ പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു കെ എസ് ആർ ടി സിയുടെ നിലപാട്. കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ജോലി ചെയ്തത്. ഇവരുടെ ചിത്രം സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.


കെ എസ് ആർ ടി സി മാനേജ്‌മെന്റ് നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്കലംഘനം നടത്തിയതായി ബോദ്ധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാർത്ഥം സ്ഥലം മാറ്റുന്നു എന്നുമാണ് ഉത്തരവിൽ പറഞ്ഞത്. അഖിലയുടെ പ്രതിഷേധം സർക്കാരിനെയും മാനേജ്‌മെന്റിനെയും അപകീർത്തിപ്പെടുത്തിയെന്നും സ്ഥലംമാറ്റ ഉത്തരവിൽ പറഞ്ഞിരുന്നു. സ്ഥലമാറ്റ നടപടിയിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നിരുന്നു. കെ എസ് ആർ ടി സിയുടെ നടപടിയിൽ പ്രതിപക്ഷവും കേന്ദ്രമന്ത്രിയും അടക്കം വിമർശിച്ചു. ഇതിന് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിയത്.