തിരുവനന്തപുരം: ബ്രഹ്മപുരം തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സക്കായി സംവിധാനമൊരുക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതിനായി എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്പെഷാലിറ്റി റെസ്പോണ്‍സ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയതായി മന്ത്രി പറഞ്ഞു. വിഷപ്പുക ശ്വസിച്ചുണ്ടായ മരണമെന്ന് പരാതി ഉയര്‍ന്ന കൊച്ചിയിലെ സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തും. സംഭവത്തില്‍ മരിച്ചയാളുടെ ശരീരത്തില്‍ ഡയോക്‌സിന്‍ സാന്നിധ്യം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എക്സ്റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാകും. ഇതിനു പുറമേ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും പ്രവര്‍ത്തനമാരംഭിച്ചെന്നും മന്ത്രി വ്യക്തമാക്കി.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേ ആരംഭിച്ചു. പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തുന്നതിന്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. പൊതുജനരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പരിശീലനം നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള 5 മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു മൊബൈല്‍ യൂണിറ്റുകളുടെ സേവനം ഇന്ന് ലഭ്യമാക്കിയിരുന്നു. ഈ മൊബൈല്‍ യൂണിറ്റുകളിലൂടെ 7 സ്ഥലങ്ങളിലായി 178 പേര്‍ക്ക് സേവനം നല്‍കി.


