ഭാേപ്പാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബി ജെ പി എം പി പ്രഗ്യാ ഠാക്കൂർ. കേംബ്രിഡ്ജ് സർവകലാശാലയിൽ കേന്ദ്രസർക്കാരിനെതിരെ അദ്ദേഹം നടത്തിയ പരാമർശനങ്ങളാണ് പ്രഗ്യയെ ചാെടിപ്പിച്ചത്. വിദേശമണ്ണിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് രാഹുൽ ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി നിരവധി ബി ജെ പി നേതാക്കൾ നേരത്തേ രംഗത്തെത്തിയിരുന്നു.
ഒരു വിദേശ വനിതയിൽ ജനിച്ച മകന് ഒരിക്കലും രാജ്യസ്‌നേഹിയാവാൻ കഴിയില്ല എന്ന് ചാണക്യ പറഞ്ഞതായും അത് സത്യമാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു എന്നും പ്രഗ്യ ആരോപിച്ചു. ‘നിങ്ങളുടെ അമ്മ ഇറ്റലിയിൽ നിന്നുള്ളവരായതിനാൽ നിങ്ങൾ ഇന്ത്യക്കാരനല്ലെന്ന് ഞങ്ങൾ മനസിലാക്കുന്നു. വിദേശത്ത് ഇരുന്നുകൊണ്ട് നിങ്ങൾ പറയുന്നു, നിങ്ങൾക്ക് പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന്. ഇതിലും നാണക്കേട് മറ്റൊന്നില്ല. രാഹുലിന് രാഷ്ട്രീയത്തിൽ അവസരം നൽകരുത്, രാജ്യത്തിന് പുറത്തേക്ക് തള്ളണം’- പ്രഗ്യ പറഞ്ഞു. പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കാത്തത് കോൺഗ്രസാണെന്നും പ്രഗ്യ ആരോപിച്ചു.’ പാർലമെന്റ് സുഗമമായി പ്രവർത്തിച്ചാൽ അവിടെ കൂടുതൽ പ്രവർത്തനങ്ങൾ നടക്കും. കൂടുതൽ ജോലിയുണ്ടെങ്കിൽ കോൺഗ്രസ് നിലനിൽക്കില്ല. അവരുടെ നിലനിൽപ്പ് അവസാനിക്കുന്നതിന്റെ വക്കിലാണ്. ഇപ്പോൾ അവരുടെ മനസു ദുഷിച്ചിരിക്കുകയാണ്’- പ്രഗ്യ കൂട്ടിച്ചേർത്തു.
കേംബ്രിഡ്ജ് സർവകലാശാലയിൽ ‘ 21ാം നൂറ്റാണ്ടിൽ അറിയാൻ പഠിക്കുക’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവെ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് രാഹുൽ ഗാന്ധി വിവരിച്ചതാണ് ബി ജെ പിയെ ചൊടിപ്പിച്ചത്. രാജ്യത്ത് ജനാധിപത്യത്തിന്റെ വിശാലത പരിമിതപ്പെടുകയാണെന്നും, അതിന്റെ അടിസ്ഥാനഘടന തന്നെ ആക്രമിക്കപ്പെടുകയാണെന്നും പറഞ്ഞ അദ്ദേഹം ഇസ്രയേൽ നിർമ്മിത ചാര സോഫ്‌ട്‌വെയറായ പെഗാസസ് ഉപയോഗിച്ച് തനിക്കെതിരെ ചാരവൃത്തി നടന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ മാദ്ധ്യമങ്ങളെയും ജുഡീഷ്യറിയെയും പിടിച്ചെടുക്കുക, നിയന്ത്രിക്കുക, നിരീക്ഷണം ഏർപ്പെടുത്തുക, ഭീഷണിപ്പെടുത്തുക, ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ എന്നിവർക്കെതിരെയുള്ള ആക്രമണം തുടങ്ങിയവയൊക്കെയാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് രാഹുൽ ഗാന്ധി തന്റെ പ്രഭാഷണത്തിൽ ആരോപിച്ചിരുന്നു.
#WATCH | While sitting abroad, you (Rahul Gandhi) are saying you are not getting an opportunity to speak in Parliament. Nothing can be more shameful than this. He should not be given a chance in politics& should be thrown out of the country: BJP’s Pragya Thakur, in Bhopal (11.03) pic.twitter.com/ZBDrZFjepx
— ANI (@ANI) March 12, 2023


