Thu. Nov 26th, 2026

✍️  സുരേഷ്. സി ആർ

മലയാളിയുടെ മനസിനെ തഴുകിയുണർത്തിയ ഈണങ്ങൾ സമ്മാനിച്ച പ്രതിഭയാണ് രവീന്ദ്രൻ (1941 – 2005). തീച്ചൂളയുടെ കൂർമതയും കാൽപനികതയുടെ ലാളിത്യവും ഈണങ്ങളുടെ മാന്ത്രികതയും ഒത്തിണങ്ങിയവയായിരുന്നു രവീന്ദ്രന്റെ ഓരോ സംഗീതവും. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ചേർന്നു. സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് രവീന്ദ്രനെ ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. നായക നടനായിരുന്ന സത്യനാണ് രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത്.

“വെള്ളിയാഴ്ച” എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി. പിന്നീട് മുപ്പതോളം സിനിമകളിൽ പാടി. 1970-കളിൽ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നൽകിയത് രവീന്ദ്രനായിരുന്നു. ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് യേശുദാസാണ്.

1979-ൽ ശശികുമാർ സംവിധാനം ചെയ്ത ചൂള എന്ന ചിത്രത്തിൽ സത്യൻ അന്തിക്കാട് രചിച്ച “താരകേ മിഴിയിതളിൽ കണ്ണീരുമായി” എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം. പിന്നീട് യേശുദാസ് എന്ന ഗായകന്റെ ആലാപനശേഷിയെ എത്രമാത്രം പ്രയോജനപ്പെടുത്താം എന്നു തിരിച്ചറിഞ്ഞ് അദ്ദേഹമൊരുക്കിയ പലഗാനങ്ങളും അനശ്വരങ്ങളായി മാറി.

നിരവധി മലയാളം-തമിഴ് ചിത്രങ്ങൾ, ലളിതഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ഉത്സവഗാനങ്ങൾ എന്നിവയ്ക്ക് ഈണങ്ങൾ ഒരുക്കി. 1992ൽ ഭരതത്തിന്റെ സംഗീതത്തിന് ദേശീയ സ്പെഷ്യൽ ജൂറി അവാർഡും സംസ്ഥാന അവാർഡും, 2002ൽ നന്ദനത്തിലെ സംഗീതത്തിന് സംസ്ഥാന അവാർഡും നേടി.

അമരം, അരയന്നങ്ങളുടെ വീട്, അയാൾ കഥയെഴുതുകയാണ്, അഹം, ആറാം തമ്പുരാൻ, ഒരു മെയ്മാസപ്പുലരിയിൽ, കന്മദം, കമലദളം, കളിയിൽ അല്പം കാര്യം, ചിരിയോചിരി, തേനും വയമ്പും, ധനം, നീലക്കടമ്പ്, മഴ, മഴയെത്തുംമുമ്പേ, മിഴിരണ്ടിലും, യുവജനോത്സവം, രാജശില്പി, ലാൽസലാം, വടക്കുംനാഥൻ, വെങ്കലം, വിഷ്ണുലോകം, സവിധം, സൂത്രധാരൻ, സൂര്യഗായത്രി, ഹിസ് ഹൈനസ് അബ്ദുള്ള, കളഭം, ചമ്പകുളം തച്ചൻ തുടങ്ങിയ ചിത്രങ്ങളിൽ രവീന്ദ്രൻ സംഗീതം നൽകിയ ഗാനങ്ങൾ ഇന്നും അനശ്വരമായി നിൽക്കുന്നു.