Fri. Nov 20th, 2026

പറവൂർ: എറണാകുളം വരാപ്പുഴക്ക് സമീപം മുട്ടിനകത്ത് പടക്ക നിർമാണശാലയിലുണ്ടായ വൻ പൊട്ടിത്തെറിയിൽ ലൈസൻസി ജെയ്സനെതിരെ നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഐ പി സി 308, 304 വകുപ്പുകൾ, എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണ് കേസ്. പടക്ക സംഭരണ ശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഒരാൾ മരിച്ചിട്ടുണ്ട്. ഇന്ന് പെസോ അധികൃതരും പോലീസ് സയന്‍റിഫിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ കണ്ടെത്താനാകുമെന്നാണ് റിപ്പോർട്ട്.

സ്ഫോടനത്തിൽ തകർന്ന രണ്ട് കെട്ടിടത്തിൽ ഒന്നിന് മാത്രമാണ് ലൈസൻസുള്ളത്. ഈ കെട്ടിടത്തിന് സമീപമുള്ള ഷെഡ്ഡിലാണ് വെടിമരുന്ന് ശേഖരിച്ചതും നിർമാണ പ്രവർത്തനം നടന്നതും. ഈ കെട്ടിടത്തിനാണ് ലൈസൻസ് ഇല്ലാത്തത്. സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ജാൻസൺ ജെയ്സന്‍റെ സഹോദരനാണ്. ജെയ്സന്‍റെ ബന്ധുവിൽ നിന്ന് വാടകക്ക് എടുത്ത കെട്ടിടത്തിലാണ് പടക്ക സംഭരണ ശാല പ്രവർത്തിച്ചിരുന്നത്. ഈ ബന്ധുവിനെതിരെയാണ് കേസെടുത്തിട്ടുള്ളത്.


പടക്ക നിർമാണശാല ഉടമയും അയൽവാസികളായ കുട്ടികളും ഉൾപ്പെടെ അഞ്ച് പേർക്ക് പൊള്ളലേറ്റു. നിർമാണശാല നിശ്ശേഷം തകർന്നു. മുട്ടിനകം ഈരയിൽ ഡേവിഡ് (55) ആണ് മരിച്ചത്. സ്ഥാപന ഉടമ ജാൻസൺ (38), അയൽവാസി ഫ്രെഡീന (30), മക്കളായ എക്‌സർ (ഏഴ്), എൽസ (അഞ്ച്), ഇസബെല്ല (മൂന്ന്) എന്നിവരാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ സംഭവം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂനിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണച്ചത്. വീടിനോട് ചേർന്നാണ് പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നത്. സംഭരണശാലയാണ് കത്തിനശിച്ചത്.

വൻ സ്‌ഫോടനം ഒന്നര കിലോമീറ്ററിലേറെ ദൂരത്തിൽ പ്രകമ്പനം സൃഷ്ടിച്ചതായി നാട്ടുകാർ പറഞ്ഞു. തീഗോളങ്ങൾ ആകാശത്തോളമുയർന്നു. ഇരുപതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സമീപത്തെ വീടുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായി. ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ച നിലയിലാണ്. മരങ്ങൾ കരിഞ്ഞുണങ്ങി. മേഖലയിൽ ഗതാഗത തടസ്സവുമുണ്ടായി.


പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കലക്ടർ ഡോ. രേണു രാജ്, റേഞ്ച് ഡി ഐ ജി. ഡോ. എ ശ്രീനിവാസ്, എസ് പി. വിവേക് കുമാർ, മുനമ്പം ഡി വൈ എസ് പി. എം കെ മുരളി, ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.