Sun. Nov 22nd, 2026

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതിന് പിന്നാലെയായിരുന്നു നടപടി. ഡൽഹി ലോഥി റോഡിലുള്ള സി ബി ഐയുടെ ഓഫീസിൽ കഴിഞ്ഞ ഫെബ്രുവരി 19ന് സിസോദിയയെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സി ബി ഐ അറിയിച്ചിരുന്നു. ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട സിസോദിയ അറസ്റ്റ് മുൻകൂട്ടി കണ്ടുകൊണ്ടുള്ള തരത്തിൽ നേരത്തെ പ്രതികരണം നടത്തിയിരുന്നു.

ഡൽഹി ബഡ്‌ജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലായതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒരാഴ്ചത്തെ സമയം നൽകണമെന്ന് ധനവകുപ്പ് മന്ത്രി കൂടിയായ സിസോദിയ സി ബി ഐയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, മദ്യനയക്കേസിൽ പ്രതിചേർക്കപ്പെട്ട ഏഴുപേരിൽ സിസോദിയ ഉൾപ്പെടുന്നില്ല.


സി ബി ഐ ഓഫീസിലെത്തുന്നതിന് മുമ്പായി രാജ്‌ഘട്ടിലെത്തി സിസോദിയ ആശീർവാദം ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ എ എ പി പങ്കുവച്ചിരുന്നു. ഇന്ന് വൈകിട്ട് ആറുമണിവരെ സിസോദിയയെ ചോദ്യം ചെയ്യുമെന്നായിയിരുന്നു വിവരം. രാവിലെ പത്തുമണിയോടെയാണ് സി ബി ഐ ഓഫീസിലേയ്ക്ക് സിസോദിയ പുറപ്പെട്ടത്. അറസ്റ്റിന് പിന്നാലെ സി ബി ഐ ആസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്ന് മനീഷ് സിസോദിയ വ്യക്തമാക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ സ്നേഹവും കോടിക്കണക്കിന് നാട്ടുകാരുടെ അനുഗ്രഹവും തനിക്കൊപ്പമുണ്ട്. ഏതാനും മാസങ്ങൾ ജയിലിൽ കഴിയേണ്ടി വന്നാലും കാര്യമാക്കുന്നില്ല. താൻ ഭഗത് സിംഗിന്റെ അനുയായിയാണ്. ഭഗത് സിംഗ് രാജ്യത്തിനുവേണ്ടി തൂക്കിലേറ്റപ്പെട്ടു. ഇത്തരം വ്യാജ ആരോപണങ്ങളുടെ പേരിൽ ജയിലിൽ പോകേണ്ടി വന്നാൽ താനത് കാര്യമാക്കില്ലെന്ന് സിസോദിയ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.