Sun. Nov 22nd, 2026

✍️  സുരേഷ്. സി ആർ

മലയാള സിനിമയിൽ ജീവസ്സുറ്റ കഥാപാത്രങ്ങളെ തനതു ശൈലിയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയായിരുന്നു കെപിഎസി ലളിത(1947 – 2022). മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സ്വാഭാവികാഭിനേത്രികളിൽ ഒരാളായിരുന്നു. ആലപ്പുഴ കായംകുളത്തിനടുത്ത് രാമപുരത്ത് ജനനം. മഹേശ്വരി അമ്മ എന്നാണ് ശരിയായ പേര്.

കുട്ടിക്കാലത്ത് കലാമണ്ഡലം ഗംഗാധരനില്‍ നിന്നും നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ നാടക അഭിനയം ആരംഭിച്ചു. ഗീഥയുടെ ബലിയായിരുന്നു ആദ്യ നാടകം. പിന്നീട് കെപിഎസിയില്‍ ചേര്‍ന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്ത നാടകങ്ങളില്‍ അഭിനയിച്ചു.

1970ല്‍ ഉദയായുടെ ‘കൂട്ടുകുടുംബ’ത്തിലൂടെ സിനിമയിൽ അരങ്ങേറി. സ്വയം വരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്‍മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്‍, വടക്കു നോക്കിയന്ത്രം, അനിയത്തിപ്രാവ്, അമരം, വിയറ്റ്നാം കോളനി, സ്ഫടികം, വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നിവയാണ് പ്രധാനപെട്ട ചിത്രങ്ങൾ.

അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകളിലെ ശബ്ദസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും (അമരം-1991, ശാന്തം-2000) നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും (1975-നീലപ്പൊന്മാന്‍, 1978-ആരവം, 1990-അമരം), 1991-കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍, സന്ദേശം) ലഭിച്ചു.

കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നിട്ടുണ്ട്. ചെറുകാട് പുരസ്‌കാരം ലഭിച്ച ‘കഥ തുടരും’ ആത്മകഥയാണ്. അന്തരിച്ച സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ മകനാണ്.