തിരുവനന്തപുരം: തലസ്ഥാനത്ത് സർക്കാർ ഓഫീസിൽ തോക്കുമായി യുവാവിന്റെ ഭീഷണി. വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷനിൽ അമരവിള സ്വദേശി മുരുകനാണ് പെല്ലറ്റ് തോക്കുമായെത്തിയത്. കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായെത്തിയ യുവാവാണ് തോക്കുമായെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാൾ ജീവനക്കാരെ ഓഫീസിനുള്ളിലാക്കി പുറത്തു നിന്ന് പൂട്ടുകയും ചെയ്തു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് യുവാവ് തോക്കുമായി ഓഫീസിൽ എത്തിയത്. കനാലിൽ നിന്നും വെള്ളം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. വെള്ളം തുറന്നുവിടാത്ത പഞ്ചായത്ത് അടച്ചു പൂട്ടണം എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാർഡും കൈയിലുണ്ടായിരുന്നു. വെങ്ങാനൂർ പഞ്ചായത്തിൽ കനാൽ വെള്ളം എത്താത്തതിനാൽ കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടെന്ന് മുരുകൻ പറഞ്ഞു. പ്രതിഷേധിക്കാനെത്തിയ മുരുകൻ പിന്നാലെ മിനി സിവിൽ സ്റ്റേഷൻ ഓഫീസിന്റെ ഗേറ്റ് പൂട്ടിയിട്ടു. ഇതോടെ സംഭവമറിഞ്ഞ് പൊലീസ് എത്തി ഇയാളിൽ നിന്നും തോക്ക് പിടിച്ചെടുത്ത് ബന്ദികളാക്കിയ ജീവനക്കാരനെ മോചിപ്പിച്ചു.


