Sat. Nov 21st, 2026

കോട്ടയം: ജസ്‌ന തിരോധാനക്കേസിൽ പുതിയ വഴിത്തിരിവ്. കോട്ടയം എരുമേലിയിൽ നിന്ന് കാണാതായ ജസ്‌നയെ സംബന്ധിച്ച മൊഴി സി ബി ഐയ്ക്ക് ലഭിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പോക്‌സോ കേസ് പ്രതിയാണ് സി ബി ഐയ്ക്ക് നിർണായക വിവരം നൽകിയത്.

സെല്ലിൽ ഒപ്പമുണ്ടായിരുന്ന മോഷണക്കേസ് പ്രതിയ്ക്ക് ജസ്‌ന തിരോധാനത്തെക്കുറിച്ച് അറിവുണ്ടെന്നാണ് ഇയാളുടെ മൊഴി. പത്തനംതിട്ട സ്വദേശിയായ പ്രതി തന്നോട് പറഞ്ഞുവെന്നും പൂജപ്പുര ജയിലിൽ കഴിയുന്ന തടവുകാരൻ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. മോഷണക്കേസിൽ പുറത്തിറങ്ങിയ ഇയാൾ ഒളിവിലാണ്.

2018 മാർച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥി​നി​യായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കി​ലും ഒരു തുമ്പും ലഭി​ച്ചി​ല്ല. എരുമേലി വരെ ജസ്ന പോയതായി സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായി​രുന്നു.


പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭി​ച്ചു. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകളും പരി​ശോധനയ്ക്ക് വി​ധേയമാക്കി​. ജസ്നയുടെ വിവരം നൽകുന്നവർക്ക് ഡി ജി പി അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ജസ്നയുടെ സഹപാഠിയെ പല തവണ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇതി​നി​ടെ പലയി​ടത്തും ജസ്നയെ കണ്ടതായി​ പ്രചാരണങ്ങൾ ഉണ്ടായെങ്കി​ലും അതൊന്നും സത്യമല്ലെന്ന് അന്വേഷണത്തി​ൽ വ്യക്തമായിരുന്നു​.

അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിസ്‌ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സി ബി ഐയ്ക്ക് കൈമാറാൻ ഉത്തരവിടുന്നത്. സി ബി ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.