Sun. Nov 22nd, 2026

കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനശ്രമക്കേസിൽ കോടതിയിൽ നൽകിയത് കള്ള‌സത്യവാങ്‌മൂലമല്ലെന്ന വാദവുമായി നടന്റെ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ഹൈക്കോടതിയിൽ. പീഡനക്കേസിൽ പരാതിക്കാരിയുടെ ശബ്ദ‌സന്ദേശമുണ്ട്. ഇ-മെയിൽ വഴി പരാതിക്കാരി ഒത്തുതീർപ്പിന് തയ്യാറായതായെന്നും അഡ്വ. സൈബി ജോസ് കിടങ്ങൂ‌ർ ഹൈക്കോടതിയിൽ വാദിച്ചു.

മുൻപ് സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ തുടർനടപടിക്കുള്ള സ്‌റ്റേ വിധിച്ചത് ഹൈക്കോടതി നീക്കിയിരുന്നു.ഹൈക്കോടതി ജഡ്‌ജിമാർക്കെന്ന പേരിൽ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയ വിവാദനായകൻ അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് ഹൈക്കോടതിയിൽ നടനായി ഹാജരായത്.


കേസിന്റെ പ്രധാനഘട്ടത്തിലാണ് സൈബി ജോസ് കോടതിയിൽ പരാതിക്കാരി ഒത്ത്തീർപ്പിന് തയ്യാറെന്ന് കാട്ടി സത്യവാങ്മൂലം നൽകിയത്. കേസിൽ ഒത്തുതീർപ്പിന് ഇര തയ്യാറായിട്ടുണ്ടെന്നും അത് പൂർത്തിയാകുന്നതുവരെ കേസിന്റെ നടപടിക്രമങ്ങൾ സ്‌റ്റേ ചെയ്യണമെന്നുമാണ് സൈബി ജോസ് കോടതിയെ ധരിപ്പിച്ചത്. എന്നാൽ ഇത് വ്യാജമാണെന്ന് അറിയിച്ച് ഇര കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഉണ്ണി മുകുന്ദനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

2017ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. 2021ലാണ് സൈബി ജോസ് ധരിപ്പിച്ചതനുസരിച്ച് കേസിൽ സ്‌റ്റേ അനുവദിച്ചത്. ഇതാണ് കഴിഞ്ഞയാഴ്‌ച ഹൈക്കോടതി നീക്കിയത്. കൊച്ചിയിലെ ഫ്ളാറ്റിൽ സിനിമാ ചർച്ചയ്‌ക്കെത്തിയ യുവതിയെ ഉണ്ണി മുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്.