Sun. Nov 22nd, 2026

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ചു നശിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത കേസില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുണ്ടമണ്‍കടവ് സ്വദേശി പ്രകാശന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രാജേഷ്, ശ്രീകുമാര്‍, കൃഷ്ണകുമാര്‍, സതികുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രകാശിന്റെ മരണത്തിലേക്ക് നയിച്ചത് ഇവരുടെ മര്‍ദ്ദനമാണെന്നാണ് സൂചന.

ജനുവരിയില്‍ ആത്മഹത്യ ചെയ്ത പ്രകാശും സുഹൃത്തുക്കളും ആശ്രമം കത്തിച്ചുവെന്നായിരുന്നു സഹോദരന്‍ പ്രശാന്ത് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. ആശ്രമത്തിന് തീയിട്ട കാര്യം മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് സഹോദരന്‍ തന്നോട് വെളിപ്പെടുത്തിയതായി പ്രശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ പ്രശാന്ത് ഇക്കാര്യം നിഷേധിച്ചു. സഹോദരനെതിരെ മൊഴി നല്‍കിയത് ക്രൈം ബ്രാഞ്ചിന്റെ സമ്മര്‍ദത്തിലാണെന്നാണ് പ്രശാന്ത് കോടതിയെ അറിയിച്ചത്.


2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമം തീവെച്ച് നശിപ്പിക്കപ്പെട്ടത്. ഇവിടെയുണ്ടായിരുന്ന മൂന്നു വാഹനങ്ങളും കത്തിനശിച്ചിരുന്നു.

2022 ജനുവരിയിലാണ് പ്രകാശന്‍ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് തലേദിവസം പ്രകാശിനെ ചിലര്‍ മര്‍ദിച്ചിരുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.