Sat. Nov 21st, 2026

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതി. കേസിൽ ഇതുവരെ ആറുപേരെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പ്രതിചേർത്തത്. മൂന്ന് ദിവസമായി തുടർന്ന ചോദ്യംചെയ്യലിനൊടുവിൽ ശിവശങ്കറിനെ ഇ ഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കി.

ചൊവ്വാഴ്‌ച രാവിലെ 11 മണിമുതൽ ആരംഭിച്ച ചോദ്യംചെയ്യലാണ് 12 മണിക്കൂറോളം നീണ്ടശേഷം അറസ്‌റ്റിൽ കലാശിച്ചത്. കഴിഞ്ഞയാഴ്‌ച സർവീസിൽ നിന്നും വിരമിക്കുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറിനോട് ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് ശിവശങ്കർ ഹാജരായിരുന്നില്ല. പിന്നീട് വെള്ളിയാഴ്‌ചയും തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ രാത്രി 11.30ന് അറസ്‌റ്റിലാവുന്നത്.


വടക്കാഞ്ചേരി ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒരുകോടിയോളം രൂപ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ മൊഴി. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടായിരുന്നു ഇ ഡി കണ്ടെത്തിയത്. അതേസമയം, മൂന്ന് ദിവസം തുടർച്ചയായി ചോദ്യം ചെയ്‌തിട്ടും ശിവശങ്കർ കുറ്റം സമ്മതിച്ചിരുന്നില്ല. തെളിവുകളും സന്തോഷ് ഈപ്പനുമൊന്നിച്ച് ചോദ്യം ചെയ്‌തതിലെ മൊഴി വൈരുദ്ധ്യവുമാണ് അറസ്‌റ്റിന് കാരണമായത്.

ഇത് നാലാം തവണയാണ് കേന്ദ്ര ഏജൻസികൾ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യുന്നത്. മുൻപ് 2020 ഒക്‌ടോബർ 28ന് സ്വർണക്കടത്തിൽ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിവശങ്കറിനെ ആദ്യം ഇ ഡി അറസ്‌റ്റ് ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ നവംബർ 25ന് എൻ ഐ എ അറസ്റ്റ് ചെയ്‌തു. 2021 ജനുവരി 20ന് ഡോളർ കടത്ത് കേസിൽ കസ്‌റ്റംസും അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു. തുടർച്ചയായി 69 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ ശിവശങ്കർ സസ്‌പെൻഷനിലായെങ്കിലും പിന്നീട് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തിരുന്നു. വിരമിച്ചതിന് പിന്നാലെ ഏതാണ്ട് രണ്ട് വർഷത്തിന് ശേഷമാണ് ലൈഫ് മിഷൻ കേസിൽ ശിവശങ്കർ വീണ്ടും അറസ്‌റ്റ് ചെയ്യപ്പെടുന്നത്.