Mon. Nov 23rd, 2026

ഇടുക്കി: കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴ് വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. അട്ടപ്പളളം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഏഴു വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടു കൈകളിലും കാലുകളിലും അമ്മ പൊള്ളല്‍ ഏല്‍പ്പിച്ചു. കണ്ണില്‍ മുളകു പൊടി തേച്ചതായും പരാതിയുണ്ട്.

മുമ്പ് പലതവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറയുന്നു. അടുത്ത വീട്ടില്‍ നിന്നു ടയര്‍ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്. രണ്ട് കൈക്കും, കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.


കൃസൃതി സഹിക്കാന്‍ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. ജ്യൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മുന്‍പാകെ ഹാജരാക്കും.

സംഭവമറിഞ്ഞ അയല്‍വാസി പഞ്ചായത്ത് മെമ്പറെയും അംഗന്‍വാടി ടീച്ചറെയും വിവരമറിയിച്ചതോടെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത് വന്നത്. കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.