Sat. Nov 21st, 2026

കൊച്ചി: പെരുമ്പാമ്പിനെ ഞെക്കിയും പിഴിഞ്ഞും ഇടിച്ചും അത് കഴിച്ചിരുന്ന മരപ്പട്ടിയെ പുറത്തുചാടിച്ച് ഷോ നടത്തിയ സംഭവത്തിൽ വനം വകുപ്പ് വാവ സുരേഷിനെതിരെ പുനലൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് രെജിസ്റ്റർ ചെയ്തതായി ഹൈക്കോടതിയെ അറിയിച്ചു.

കൊല്ലം ജില്ലയിൽ ആയൂരിൽ 4 വർഷം മുമ്പായിരുന്നു സംഭവം. എവിടെനിന്നോ ചാക്കിൽ കെട്ടി കൊണ്ടുവന്ന പാമ്പിനെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു കൂട്ടം ജനങ്ങളെ കണ്ടപ്പോൾ ചാക്കിൽ നിന്നും അഴിച്ച് ജനങ്ങളുടെ മുന്നിൽ ഹീറോ കളിക്കാൻ അതിനെ ഞെക്കിയും വലിച്ചിഴച്ചും ഇടിച്ചും വാവ ഷോ കാണിച്ചത്. സംഭവത്തിൽ വനംവകുപ്പിന് അനിമൽ ലീഗൽ ഫോഴ്‌സ് പരാതി നൽകിയിരുന്നുവെങ്കിലും വാവ സുരേഷ് ചെയ്ത പ്രവർത്തി ജനങ്ങൾക്കും ആ പെരുമ്പാമ്പിനും ഗുണകരമായ കാര്യം ആയതിനാൽ കേസ് എടുക്കിന്നില്ല എന്നായിരുന്നു വിവരവകാശപ്രകാരം മറുപടി നൽകിയത്. തുടർന്ന് സംഘടന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാവ പ്രഥമദൃഷ്ടിയാൽ ഗുരുതരമായ കുറ്റം ചെയ്തിട്ടുണ്ട് എന്നും ഉടൻ നടപടി എടുക്കും എന്ന് വനം വകുപ്പ് രണ്ടു വർഷം മുമ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടർന്ന് ലീഗൽ ഫോഴ്സ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ FIR എടുത്തിരിക്കുന്നത്. ജാമ്യം ഇല്ലാത്ത കുറ്റം ആണെങ്കിലും ഇപ്പോഴും അറസ്റ്റ് ചെയ്തിട്ടില്ല. കോഴിക്കോട് നഴ്സിംഗ് വിദ്യാർഥികൾക്ക് മുമ്പിൽ മൂർഖനെ പ്രദർശിപ്പിച്ച കേസിൽ വാവ സുരേഷ് മുൻ‌കൂർ ജാമ്യം നേടിയിരുന്നു.


കേരളത്തിൽ കണ്ടുവരുന്ന പാമ്പുകളിൽ ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന പാമ്പായ പെരുംപാമ്പ് വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജവെമ്പാലയുടെ സ്ഥാനം നിലവിൽ ഷെഡ്യൂൾ രണ്ടിൽ ആണ്. ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവികളെ ശല്യം ചെയ്യുകയോ ആട്ടി ഓടിക്കുകയോ പിടിക്കുകയോ കെണി ഒരുക്കുകയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താൽ ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരം മൂന്ന് വർഷം മുതൽ ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വനം വകുപ്പിന്റെ ലൈസൻസ് ലഭിച്ചിട്ടുള്ള പാമ്പു പിടുത്തക്കാർ ഒഴികെ ആരെങ്കിലും ഏതെങ്കിലും പാമ്പിനെ പിടിച്ചാൽ ഇനം അനുസരിച്ച് ശിക്ഷ ലഭിക്കും. കേരളത്തിൽ ആയിരത്തി അഞ്ഞൂറോളം അംഗീകൃത പാമ്പുപിടുത്തക്കാർ ഉണ്ട്. SARPA എന്ന ആപ്പ് വഴി ഇവരെ ബന്ധപ്പെടാവുന്നതാണ്.