Fri. Oct 9th, 2026

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് സെസ് ഏർപ്പെടുത്തിയത് പെട്രോൾ ഡീസൽ വില ഉയരാൻ കാരണമാകും. പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹിക സുരക്ഷാ സെസ് ആണ് ഏർപ്പെടുത്തിയത്. ഇതുവഴി സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്ക് 750 കോടി രൂപ അധികമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷാ ഫണ്ടിനായി മദ്യത്തിന് സെസ് പിരിക്കുമെന്ന് മന്ത്രി അറിയിച്ചു. അടുത്തിടെയാണ് മദ്യവില വർദ്ധിപ്പിച്ചത്. ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയാണ് സെസ്. ആയിരം രൂപവരെയുള്ള മദ്യത്തിന് 20 രൂപയും സെസ് ഏർപ്പെടുത്തും. ഇതുവഴി നാനൂറ് കോടിയോളം രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.


ഭൂമിയുടെ ന്യായവിലയും 20 ശതമാനം കൂട്ടി. കെട്ടിട പെർമിറ്റ് ഫീസും, കെട്ടിട അനുമതി ഫീസും കൂട്ടി. കൂടാതെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തും. ഒന്നിലധികം വീടുകളുള്ളവർക്കും പ്രത്യേക നികുതി ഏർപ്പെടുത്തും.

കാർ അടക്കമുള്ള വാഹനങ്ങളുടെ ഒറ്റത്തവണ നികുതി കൂട്ടി. മോട്ടോർ വാഹന നികുതിയും സെസും വർദ്ധിപ്പിച്ചു. മോട്ടോർ സൈക്കിളുകൾക്ക് ഒറ്റത്തവണ നികുതി രണ്ട് ശതമാനമാണ് വർദ്ധിപ്പിച്ചത്.

ജുഡീഷ്യൽ കോടതി ഫീസുകളും കുത്തനെ കൂട്ടി. വാണിജ്യ, വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവയും കൂട്ടി. സാമൂഹിക ക്ഷേമ പെൻഷൻ കൂട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതും ബഡ്ജറ്റിനെതിരെ പ്രതിഷേധമുണ്ടാകാൻ കാരണമാകും. സർക്കാർ സംവിധാനങ്ങൾക്ക് മാത്രമാണ് ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.


കെ ഫോണിന് 100കോടി രൂപയും, സ്റ്റാർട്ട് അപ്പ് മിഷന് 90.5 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കായി 574.5 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് കൂട്ടിയില്ല. സാമൂഹിക ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്ക് ഡേ കെയറുകൾ സ്ഥാപിക്കും. നിർഭയ പദ്ധതിക്ക് 10 കോടി പ്രഖ്യാപിച്ചു. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 50 കോടി വകയിരുത്തി.