തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 2021-22ല്‍ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തിയതായി സംസ്ഥാന ബജറ്റിനു മുന്നോടിയായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
സംസ്ഥാന ആഭ്യന്തര ഉല്‍പാദനം 2020-21 ലെ 8.43 ആയിരുന്നത് 2021-22ല്‍ 12.01 ശതമാനം എന്ന ശക്തമായ വളര്‍ച്ച കൈവരിച്ചു. 2012-13നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തേജക പാക്കേജുകളാണ് വളര്‍ച്ച വേഗത്തിലാക്കിയതെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വര്‍ഷമായ 2022-23ല്‍ സാമ്പത്തിക ആസൂത്രണമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക നേട്ടങ്ങളുടെ കേന്ദ്രബിന്ദു എന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആസൂത്രണത്തിലൂടെ ആധുനികവും വികസിതവുമായ കേരളം സൃഷ്ടിക്കാനുള്ള പ്രതിബദ്ധത സര്‍ക്കാര്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു.
ശാസ്ത്ര സാങ്കേതിക പുരോഗതി, ശാസ്ത്രബോധത്തിന്റെ വികാസം, പുതിയ തലങ്ങളിലുള്ള ഉല്‍പാദനം, തൊഴില്‍രംഗത്തേക്കു കടന്നുവരുന്ന യുവജനങ്ങള്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ എന്നിവയാല്‍ മികച്ചതായിരിക്കും.
സംസ്ഥാനം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത പരിമിതികള്‍ നേരിട്ട സമയത്ത്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, സേവനങ്ങളുടെ ഗുണനിലവാരത്തിലും സംസ്ഥാനം മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഭൗതികസൗകര്യങ്ങളുടെ മാറ്റം, വ്യവസായത്തിലെയും വിവിരസാങ്കേതിക വിദ്യയിലെയും പുതിയ ദിശാ ബോധം, പ്രാദേശിക സര്‍ക്കാരുകളിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കല്‍, ജീവനോപാധികളുടെയും തൊഴില്‍ സൃഷ്ടിക്കലിന്റെയും പുനരുജ്ജീവനശ്രമം, സാമൂഹിക സുരക്ഷയുടെ മെച്ചപ്പെടുത്തല്‍, ലിംഗശാക്തീകരണ രംഗത്തെ നടപടികള്‍ എന്നീ കാര്യങ്ങളിലൊക്കെ മാറ്റങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് വിശദമാക്കുന്നു.
മാനവവികസന സൂചികകളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. നീതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം കേരളത്തിലെ പ്രതിശീര്‍ഷ അനുപാതം 0.71 ശതമാനമാണ്, ഇത് രാജ്യത്തെ സം സ്ഥാനങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇന്ത്യ നൈപുണ്യ റിപ്പോര്‍ട്ട് 2022 യുവജനങ്ങളുടെ തൊഴില്‍ ക്ഷമതയുടെ കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന് മൂന്നാംസ്ഥാനമാണ് നല്‍കിയിരിക്കുന്നത്.
ആയുര്‍ദൈര്‍ഘ്യം, ശിശുമരണ നിരക്ക്, മാതൃമരണനിരക്ക്, ജനസംഖ്യയില്‍ സ്ത്രീ-പുരുഷാനുപാതം തുടങ്ങിയ സൂചകങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് കേരളം മുന്‍നിരയിലാണ്.
കേരളത്തിലെ കോളേജുകളും സര്‍വകലാശാലകളും 2022-23 ലെ നാഷണല്‍ അസസ്സ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ റാങ്കിംഗില്‍ പുതിയ തലത്തിലുള്ള അംഗീകാരം നേടിയെടുത്തു.
ഈ വര്‍ഷം ഉന്നതവിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതത്തില്‍ കുത്തനെയുള്ള വര്‍ധനവുണ്ടായി. മൂന്ന് കമ്മീഷനുകളെ സര്‍ക്കാര്‍ നിയോഗിക്കുകയും അവരില്‍നിന്ന് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയും ചെയ്തു. കേരളത്തിലെ സര്‍വകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷാ പരിഷ്‌കാരങ്ങള്‍, ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണം, സര്‍വകലാശാല നിയമ പരിഷ്‌കരണം എന്നിവയായിരുന്നു കമ്മീഷനുകള്‍.
സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വിവിധ വകുപ്പുകളുടെ പ്രകടനത്തെക്കുറിച്ചും വരുംവര്‍ഷങ്ങളില്‍ കൈകാര്യം ചെയ്യേണ്ട പ്രശ്‌നങ്ങളെക്കുറിച്ചും ആഴത്തില്‍ ചര്‍ച്ചചെയ്യുന്നു.



