Mon. Sep 21st, 2026

തിരുവനന്തപുരം: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സൈബി ജോസിനെതിരെ പോലീസ് കേസെടുത്തു. എ ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി 420,​ അഴിമതി നിരോധന നിയമം സെക്ഷൻ ഏഴ് എന്നീ വകുപ്പുകളനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. 


ഹൈക്കോടതി ജഡ്‌ജിമാരായ ജസ്‌റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ,​ ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ്,​ ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ എന്നിവർക്ക് നൽകാനായി കക്ഷികളിൽ നിന്ന് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്. പരാതിയിൽ എജിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുക്കുന്നത്. ഹൈക്കോടതി രജിസ്‌ട്രാർ ജനറൽ ഡിജിപിയ്‌ക്ക് നൽകിയ പരാതിയിലാണ് കേസ്. ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ സൈബിയോട് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാര്‍ കൗണ്‍സില്‍ ഓഫ് കേരള കേള്‍ക്കും.