Mon. Nov 23rd, 2026

തിരുവനന്തപുരം: വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ വിവാദമായ ഹിന്ദു കോണ്‍ക്ലേവില്‍ ഇത്തവണ പ്രമുഖരുടെ പേരുകള്‍ ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍. എന്നാൽ പരിപാടിയില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ പ്രമുഖ കവി പ്രഭാവര്‍മ രംഗത്തുവന്നിട്ടുണ്ട്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനും ഉള്‍പ്പെടെ പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്ററില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഗാനരചയിതാക്കളായ ശ്രീകുമാരന്‍ തമ്പി, കൈതപ്രം തുടങ്ങി നിരവധി പ്രമുഖരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താന്‍ ഒരു മത പാര്‍ലമെന്റിലും ഇല്ലെന്ന് പറഞ്ഞാണ് കവി പ്രഭാ വര്‍മ തൻറെ വിയോജനം അറിയിച്ചത്. താന്‍ മതവിശ്വാസിയോ ദൈവ വിശ്വാസിയോ പോലുമല്ലെന്നും പ്രഭാവര്‍മ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ഹിന്ദു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.


കഴിഞ്ഞ തവണത്തെ കോണ്‍ക്ലേവ് വര്‍ഗീയ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദമായിരുന്നു. കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ ഇതിന്റെ പേരില്‍ നിയമ നടപടിയുമുണ്ടായി. എം എ യൂസഫലിയുടെ തിരുവനന്തപുരത്തെ മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്ന് അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പി സി ജോര്‍ജ് പറഞ്ഞു. ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖാപിക്കണം, ടിപ്പു സുല്‍ത്താന്‍ എന്ന കൊള്ളക്കാരന്റെ ചരിത്രം കുട്ടികളെ പഠിപ്പിക്കരുത്, ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദുക്കള്‍ക്ക് ലഭിക്കാന്‍ ഹൈന്ദവ സംഘടനകള്‍ പോരാടണം, ആരെങ്കിലും തുപ്പിയ ഭക്ഷണം കഴിക്കില്ലന്ന് ശപഥം ചെയ്യാന്‍ കഴിയണം, കുറഞ്ഞത് നാല് കുട്ടികള്‍ എങ്കിലും വേണമെന്ന് ഓരോ ഹൈന്ദവ, ക്രൈസ്തവ ദമ്പതിമാരും തീരുമാനിക്കണം തുടങ്ങി അത്യന്തം ഗുരുതരമായ വര്‍ഗീയ പ്രസംഗമായിരുന്നു സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം പി സി ജോര്‍ജ് നടത്തിയത്.

വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പി.സി. ജോര്‍ജിനെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കേസെടുത്തു. നടപടി ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ പരാതി നല്‍കിയിരുന്നു.