Sat. Mar 2nd, 2024

✍️ സുരേഷ്. സി ആർ
.
ജീവിതത്തിൽ വിഷാദം പുരണ്ടിരുന്നെങ്കിലും ദുഃഖം ഉള്ളിലൊതുക്കി പ്രേക്ഷകരെ ചിരിപ്പിച്ച മലയാള സിനിമയുടെ ഹാസ്യത്തിന്റെ വേറിട്ട മുഖമായിരുന്നു കല്‍പ്പന(1965 – 2016). ഗൗരവമേറിയ കഥാപാത്രങ്ങളും കല്‍പ്പന അനായാസം കൈകാര്യം ചെയ്‌തിരുന്നു.

ചവറയിൽ ജനനം. കല്‍പ്പന പ്രിയദർശിനിയെന്നാണ് മുഴുവന്‍ പേര്. നാടകപ്രവർത്തകരായ വി.പി.നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്. ബാലതാരമായാണ് സിനിമയിൽ എത്തിയത്. 1983ൽ പുറത്തിറങ്ങിയ ‘മഞ്ഞ്’ ആണ് ആദ്യ ചിത്രം. 1989-ൽ ഇറങ്ങിയ പെരുവണ്ണാപുരത്തെ വിശേഷങ്ങളിലൂടെയാണ് കല്‍പ്പന ഹാസ്യതാരമായി അരങ്ങേറ്റം കുറിക്കുന്നത്.

‘തനിച്ചല്ല ഞാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി. അരവിന്ദന്റെ പോക്കുവെയിലിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറി. തുടർന്ന് ‘സതി ലീലാവതി’ ഉൾപ്പെടെയുള്ള സിനിമകളിൽ സാന്നിദ്ധ്യമറിയിച്ചു.



കൗതുകവാർത്തകളിലെ കമലു, കാവടിയാട്ടത്തിലെ ഡോളി, കാബൂളിവാലയിലെ ചന്ദ്രിക, കേരള കഫേയിലെ ബ്രിഡ്ജ് എ ചിത്രത്തിലെ വേഷം, ചാർലി, ഇന്ത്യൻ റുപ്പിയിലേയും സ്പിരിറ്റിലേയും വേഷങ്ങൾ എന്നിവ മികവുറ്റതാണ്.

നടിമാരായ കലാരഞ്ജിനിയും ഊർവശിയും സഹോദരിമാരാണ്. അന്തരിച്ച കമൽ റോയ്, പ്രിൻസ് എന്നിവരാണ് സഹോദരൻമാർ. ഇവരും ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ അനിൽ ഭർത്താവായിരുന്നു. പിന്നീട് വിവാഹബന്ധം വേർപെടുത്തി.

ഒരു കലാകുടുംബത്തിന്റെയും സിനിമാ-നാടകരംഗങ്ങളിലെ അനേകം പ്രതിഭകളുടെയും ജീവിതം സരസമായി നമുക്കു മുന്നില്‍ വിടര്‍ത്തുന്ന ‘ഞാൻ കൽപ്പന’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.