Tuesday, October 3, 2023

Latest Posts

വാദങ്ങൾ പൊളിഞ്ഞു; ചിന്താ ജെറോമിന് എട്ടര ലക്ഷം ശമ്പള കുടിശ്ശിക അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷയായ ചിന്ത ജെറോമിന് ശമ്പള കുടിശികയായി എട്ടര ലക്ഷം അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. 17 മാസത്തെ കുടിശിക ഇനത്തിലാണ് ഈ തുക. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. ചിന്ത ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഈ വിഷയത്തിൽ ചിന്തയുടെ വാദങ്ങൾ പൊളിയുകയാണ്. കുടിശികയ്ക്കായി താൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മുൻപ് സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ പ്രതികരിച്ചത്.

2016 ഒക്ടോബർ നാലിനാണ് അദ്ധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6ന് 50,000 രൂപ ശമ്പളം നിശ്ചയിച്ച് ഉത്തരവിറക്കി. 2018 മേയ് 26ന് ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി ഉത്തരവുമിറക്കി. നിയമനത്തീയതിയായ 2016 ഒക്ടോബർ 4 മുതൽ 2018 മേയ് 26 വരെയുള്ള കുടിശിക നൽകണമെന്ന ചിന്തയുടെ ആദ്യ അപേക്ഷ ധനവകുപ്പും യുവജനക്ഷേമവകുപ്പും തള്ളിയിരുന്നു. കഴിഞ്ഞ സെപ്തംബർ 14ന് വീണ്ടും അപേക്ഷ നൽകിയെങ്കിലും 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവുമിറക്കി. എന്നാൽ, ചിന്ത ധനമന്ത്രിക്ക് വീണ്ടും അപേക്ഷ നൽകിയതോടെ, 17 മാസത്തെ ശമ്പള കുടിശിക നൽകാൻ തീരുമാനിച്ച് ഡിസംബർ 28ന് ധനവകുപ്പ് യുവജനക്ഷേമവകുപ്പിന് കുറിപ്പ് നൽകുകയായിരുന്നു.

ചിന്ത കുടിശിക തുക ആവശ്യപ്പെട്ടു എന്ന് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ തനിക്കെതിരെ തെളിവുകളില്ലാത്ത വാർത്തകളാണ് പുറത്തുവരുന്നതെന്നാണ് യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം പ്രതികരിച്ചത്. ശമ്പളമില്ലാതെയാണ് ആദ്യഘട്ടങ്ങളിൽ പ്രവർത്തിച്ചത്. 2018 മേയ് മുതൽ ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ട്. അതിനു മുൻപ് അഡ്വാൻസ് ആയാണ് തുക തന്നത്. അതിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് യുവജന കമ്മിഷൻ സെക്രട്ടറി സർക്കാരിന് കത്തയച്ചിരുന്നു. 32 ലക്ഷം ലഭിക്കുമെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ല. ഇത്രയും തുക ഒരുമിച്ച് ലഭിച്ചാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. കമ്മിഷൻ മുൻ അദ്ധ്യക്ഷൻ ആർ.വി. രാജേഷ് കേസുമായി മുന്നോട്ടു പോവുകയായിരുന്നു. രാജേഷിന് ശമ്പള കുടിശ്ശിക അനുവദിക്കാൻ കോടതി ഉത്തരവായി. അല്ലാതെ ഒരു തുകയും ഞാൻ കൈപ്പറ്റിയിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ യോഗത്തിന് പോയതും സ്വന്തം ചെലവിലാണ്. ഇങ്ങനെയായിരുന്നു കുടിശിക വാർത്തയോട് ചിന്തയുടെ പ്രതികരണം. എന്നാൽ ഇന്ന് ഉത്തരവ് ഇറങ്ങിയതോടെ ലഭിച്ച തുക ചിന്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വാക്ക് പാലിക്കാനാണ് സാദ്ധ്യത.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.