Fri. Mar 29th, 2024

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ 8,100 കോടി രൂപ (ഒരു ബില്യൺ ഡോളർ) മൂല്യമുള്ള സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ആപ്പിൾ. 10,000 കോടി രൂപയിലധികം മൊബൈൽ ഫോൺ കയറ്റുമതിയുള്ള വ്യവസായത്തിന്റെ റെക്കോർഡ് മാസമായിരുന്നു ഡിസംബർ. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഡിസംബറിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് മൊബൈൽ ഫോൺ കയറ്റുമതി ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ മുൻനിര മൊബൈൽ കയറ്റുമതിക്കാരാണ് ആപ്പിളും സാംസങ്ങും. സാംസങ്ങാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയിരുന്നത് എന്നാൽ നവംബറിൽ ആപ്പിൾ സാംസംഗിനെ പിന്തള്ളി ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരനായി. ആപ്പിൾ നിലവിൽ തങ്ങളുടെ ഐഫോണുകളായ 12, 13, 14, 14+ എന്നിവ ഇന്ത്യയിൽ നിർമ്മിക്കുന്നു. കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവരാണ് ഈ ഫോണുകളുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. മറ്റ് ചില ചെറുകിട കയറ്റുമതിക്കാരും ഐഫോണുകൾ കയറ്റുമതി ചെയ്യുന്നു,

ഫോക്‌സ്‌കോണിന്റെയും പെഗാട്രോണിന്റെയും നിർമ്മാണ യുണിറ്റ് തമിഴ്‌നാട്ടിലാണ്. വിസ്‌ട്രോണിന്റെ യുണിറ്റ് കർണാടകയിലാണ്. കേന്ദ്രത്തിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയിലെ പങ്കാളികളാണിവർ.

സാംസങ്ങിന്റെ ഉൽപ്പാദന യൂണിറ്റ് പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ മൊത്തം കയറ്റുമതി കൂടുതൽ ഉയരുമായിരുന്നുവെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. പതിവ് അറ്റകുറ്റപ്പണികൾക്കായി സാംസങ്ങിന്റെ ഉൽപ്പാദന യൂണിറ്റ് ഡിസംബറിൽ ഏകദേശം 15 ദിവസത്തോളം അടച്ചിരുന്നു.

പിഎൽഐ പദ്ധതിയുടെ വിജയമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2022 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ഇലക്ട്രോണിക്സ് സാധനങ്ങളുടെ കയറ്റുമതി 16.67 ബില്യൺ ഡോളറിലെത്തി, മുൻ വർഷത്തെ 10.99 ബില്യൺ ഡോളറിനേക്കാൾ 51.56 ശതമാനം കൂടുതലാണ് ഇത്.