Tue. Nov 24th, 2026

കൊച്ചി: എറണാകുളം ലോ കോളജില്‍ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥി വിഷ്ണു സാപ്പിയന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പ്രിന്‍സിപ്പല്‍. ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കാനാണ് തീരുമാനം.

ബുധനാഴ്ചയാണ് കോളജിലെത്തിയ അപര്‍ണ ബാലമുരളിയോട് വിഷ്ണു സാപ്പിയൻ എന്ന വിദ്യാര്‍ഥി മോശമായി പെരുമാറിയത്. യൂണിയന്‍ ഉദ്ഘാടനത്തിനും തങ്കം സിനിമയുടെ പ്രമോഷനുമായി എത്തിയ നടിക്ക് പൂ കൊടുക്കാനായി വേദിയില്‍ കയറിയ വിഷ്ണു സാപ്പിയൻ അപര്‍ണയുടെ കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ നടി അനിഷ്ടം പ്രകടിപ്പിച്ചു. സംഭവത്തില്‍ സ്തബ്ധയായിപ്പോയെന്ന് അപര്‍ണ പിന്നീട് ഫേസ് ബുക്കില്‍ കുറിക്കുകയും ചെയ്തു.

ഒരു സ്‌ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈവയ്‌ക്കുന്നത് ശരിയല്ലെന്ന് ഒരു ലോ കോളേജ് വിദ്യാർത്ഥി മനസിലാക്കിയില്ലെന്നത് ഗുരുതരമാണ്. സംഭവം തന്നെ വേദനിപ്പിച്ചതായി നടി പറഞ്ഞു. കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചത് തന്നെ ശരിയല്ല പിന്നെയാണ് കൈ ദേഹത്തുവച്ച് നിർത്താൻ നോക്കിയത്. സംഭവത്തിൽ താൻ പരാതിപ്പെടുന്നില്ലെന്നും പിന്നാലെ പോകാൻ സമയമില്ലാത്തതിനാലാണ് ഇതെന്നും നടി പറഞ്ഞു.

അനിഷ്ട സംഭവത്തില്‍ നടിയോട് ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളജ് യൂണിയന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.