Sun. Nov 22nd, 2026

ആലപ്പുഴ: പാർട്ടിക്ക് നിരക്കാത്ത ജീവിതശൈലിയുമായി ആരുപോയാലും ശക്തമായ നടപടിയെടുക്കുമെന്ന് സി,പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ആലപ്പുഴയിൽ സി.പി.എമ്മിലുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും ഇപ്പോഴത്തേത് പ്രാരംഭ നടപടിയാണെന്നും ബേബി പറഞ്ഞു. മാരാരിക്കുളത്ത് സി.പി.എമ്മിന്റെ ഭവന സന്ദർശന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ബേബി നിലപാട് വ്യക്തമാക്കിയത്.

ഒരുപാട് വൈകല്യങ്ങൾ നിറഞ്ഞ സമൂഹത്തിലാണ് പാർട്ടിയും പ്രവർത്തിക്കുന്നത്. ഈ വൈകല്യങ്ങൾ പാർട്ടിയേയും ബാധിച്ചെന്ന് വരാം. പാർട്ടിക്ക് നിരക്കാത്ത കുറ്റം ചെയ്യുന്നവർ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും എം.എ. ബേബി പറഞ്ഞു.

സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിന് ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ.പി. സോണയെ ഇന്ന് പുറത്താക്കിയിരുന്നു. അതേസമയം ലഹരിക്കടത്ത് കേസിൽ ആരോപണം നേരിടുന്ന സി.പി.എം കൗൺസിലർ ഷാനവാസിനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അന്വേഷണത്തിന് ഉത്തരവിട്ടു.