കാക്കനാട്: ഓഹരി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്റിലായ തൃക്കാക്കര ക്ഷേത്രത്തിനു സമീപം എസ് എഫ് എസ് ഗ്രാന്‍ഡ് വില്ലയില്‍ താമസിക്കുന്ന എബിന്‍ വര്‍ഗീസും ഭാര്യ ശ്രീരഞ്ജിനിയും 100 കോടി രൂപ തട്ടിയതായി പോലീസ്. പ്രവാസികളില്‍ നിന്നടക്കം ആകര്‍ഷിച്ച് കൈക്കലാക്കിയ പണം ധൂര്‍ത്തടിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. എബിന്‍ വര്‍ഗീസിനെയും ശ്രീരഞ്ജിനിയെയും കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജനുവരി 19 വരെ റിമാന്‍ഡ് ചെയ്തു.
ഗോവ കാസിനോകളില്‍ ചൂതാട്ടം, വിവിധ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങല്‍ എന്നിവയോടൊപ്പം ആഡംബര കാറുകളും ഫ്‌ളാറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മുതല്‍ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടി. ഗോവയില്‍ വമ്പന്‍ കാസിനോകളില്‍ 50 കോടി രൂപയോളം കളിച്ച് കളഞ്ഞിട്ടുണ്ടെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതുവരെ 119 പേരാണ് പരാതിയുമായി എത്തിയത്. പോലീസിനു ലഭിച്ച തെളിവുകള്‍ പ്രകാരമാണ് 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണക്കാക്കിയത്.
2013-ല്‍ തൃക്കാക്കരയില്‍ മാസ്റ്റേഴ്സ് ഫിന്‍കോര്‍പ്പ് എന്ന സ്ഥാപനം ആരംഭിച്ച ഇവര്‍ ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ പണം പലമടങ്ങ് വര്‍ധിപ്പിക്കാമെന്നു ധരിപ്പിച്ച് ഇടപാടുകാരെ ആകര്‍ഷിച്ചു. പണം ഒഴുകിയെത്തിയപ്പോള്‍ മാസ്റ്റേഴ്സ് ക്ലബ്ബ് എന്ന പേരില്‍ എറണാകുളം കേന്ദ്രീകരിച്ചു ക്രിക്കറ്റ് ടീം രൂപീകരിച്ചു. ജില്ലയുടെ വിവിധയിടങ്ങളിലായി മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു.
മോഹന വാഗ്ദാനങ്ങള്‍ നല്‍കി പ്രവാസികള്‍, സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് കോടികള്‍ തട്ടിയത്. തട്ടിപ്പിനായി തൃക്കാക്കരയില്‍ മാസ്റ്റേഴ്സ് ഫിന്‍കോര്‍പ്പ്, മാസ്റ്റേഴ്സ് ഫിന്‍ സെര്‍വ്, മാസ്റ്റേഴ്സ് ഫിന്‍ കെയര്‍ തുടങ്ങിയ സ്ഥാപനങ്ങളും ആരംഭിച്ചു.
ദുബായിയില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. കൊച്ചി പോലീസിന്റെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രകാരം വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.


