Sat. Mar 2nd, 2024

✍️ ചന്ദ്രപ്രകാശ്.എസ്.എസ്

“ജീവിതം ! അത് ആർത്തിരമ്പിവരുന്ന ഒരു പെരുമഴപോലെയാണ്. ഒരു നിമിഷത്തിനുള്ളിൽ അത് അവസാനിക്കുന്നു…” മരണത്തിൻ്റെ തലേന്ന് രാത്രി നോവലിസ്റ്റ് പാറപ്പുറത്ത് തുടങ്ങിവച്ച ‘കാണാപ്പൊന്ന്’ എന്ന നോവലിൽ അവസാനം കോറിയിട്ട വരികളാണ്. എഴുത്തു ജീവിതത്തിലെ അദ്ദേഹത്തിൻ്റെ അവസാന വരികൾ !

14 അദ്ധ്യായം മാത്രമാണ് പാറപ്പുറത്ത് ആകെ എഴുതിയത്. ഇത് ദീപിക ആഴ്ചപ്പതിപ്പിൽ ഖണ്ഡശയായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോഴാണ് രംഗബോധമില്ലാത്ത കോമാളി പാറപ്പുറത്തെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് കാണാപ്പൊന്ന്, സാഹിത്യജീവിതത്തിലെ അദ്ദേഹത്തിൻ്റെ വളരെ അടുത്ത സുഹൃത്തും നോവലിസ്റ്റുമായ കെ.സുരേന്ദ്രനാണ് പൂർത്തിയാക്കിയത്.

രണ്ട് പേർ എഴുതിയ നോവലുകൾ മലയാളത്തിൽ വേറെയുണ്ട്. എം.ടിയും, എൻ.പി.മുഹമ്മദും ചേർന്നെഴുതിയ അറബിപ്പൊന്ന്, സേതുവിൻ്റെയും പുനത്തിലിൻ്റെയും നോവലായ നവഗ്രഹങ്ങളുടെ തടവറ, മാധവിക്കുട്ടിയും കെ എൽ മോഹനവർമ്മയും സംയുക്തമായി എഴുതിയ അമാവാസി, മാധവിക്കുട്ടി സഹോദരി സുലോചന നാലപ്പാടുമായി ചേർന്നെഴുതിയ കവാടം എന്നിവ. എന്നാൽ എഴുത്ത് തുടങ്ങിവെച്ചയാളിൻ്റെ മരണശേഷം ആ എഴുത്തുകാരൻ്റെ മനോഗതം അറിഞ്ഞ് മറ്റൊരു എഴുത്തുകാരൻ പൂർത്തിയാക്കിയ മലയാളത്തിലെ ഏക നോവൽ കാക്കപ്പൊന്നാണ്.

കെ സുരേന്ദ്രൻ കാണാപ്പൊന്നിനെപ്പറ്റി- “കാണാപ്പൊന്ന് തേടിയുള്ള ഈ കഥ ഏതേത് വഴികളിലൂടെ എവിടെക്കൊണ്ടെത്തിക്കണമെന്നാവും അദ്ദേഹം ലക്ഷ്യം കണ്ടിരുന്നത് ? മനസ്സിൻ്റെ സൗന്ദര്യമാണ് ദിവ്യസ്നേഹത്തിൻ്റെ സത്യം എന്ന ദർശനം അവസാനം റീബയ്ക്ക് ലഭിക്കുമോ? പാറപ്പുറത്തിൻ്റെ സങ്കല്പം ഏത് വഴിക്കാണ് പോയിരുന്നതെന്ന് ഊഹിക്കാൻ ഭാഗ്യവശാൽ എന്നുതന്നെ പറയട്ടെ, അല്പം തെളിവ് കിട്ടിയിട്ടുണ്ട്. ഇത് പാറപ്പുറത്തിൻ്റെ ഇളയ മകൾ സംഗീത വഴിയാണ്. കൗമാരം പിന്നിട്ടിട്ടില്ലാത്ത സ്കൂൾ വിദ്യാർത്ഥിനിയായ സംഗീതയും പപ്പയും അടുത്ത ചങ്ങാതിമാരായിരുന്നു. അവർ തമ്മിൽ സാഹിത്യ സല്ലാപങ്ങൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഉദ്ദേശമില്ലാതെ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഊറിക്കൂടിയ ധാരണ സംഗീത ഒരു കടലാസിൽ കുറിച്ചിട്ട് എനിക്ക് തന്നിരിക്കുന്നു. ഞാൻ അതിന് ഏറ്റവും ചുരുങ്ങിയ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരു കഥാരൂപം കൊടുക്കാൻ ശ്രമിക്കുന്നു എന്നുമാത്രം. എൻ്റെ ആത്മസുഹൃത്തിന് ഞാൻ ചെയ്യുന്ന തിലോദകം”


1982 ലാണ് കേരള സാഹിത്യപ്രവർത്തക സഹകരണസംഘമാണ് കാണാപ്പൊന്ന് പ്രസിദ്ധീകരിച്ചത്. ഒറ്റപ്പതിപ്പ് മാത്രം ഇറങ്ങിയ പുസ്തകത്തിൻ്റെ പുറംചട്ടയിൽ പാറപ്പുറത്തിൻ്റെ പേര് മാത്രമാണുള്ളത്. കെ സുരേന്ദ്രൻ സുഹൃത്തിന് സമ്മാനിച്ച തിലോദകം ആയിരുന്നല്ലോ നോവലിൻ്റെ പൂർണത!

ഓണാട്ടുകരയുടെ കഥാകാരനായ പാറപ്പുറത്ത് പട്ടാളക്കഥകളുടെ ത്രിമൂർത്തികളിൽ ഒരാളാണ്. കോവിലനും നന്തനാരുമാണ് മറ്റ് രണ്ട് പേർ. വെറും പതിനാറ് വർഷത്തെ എഴുത്തിനിടയിലാണ് ഇത്രയധികം നേട്ടങ്ങൾ അദ്ദേഹത്തിൻ്റെ പേരിലായത്. നോവലിനും ചെറുകഥയ്ക്കും പുറമെ, സിനിമയിൽ കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിൽ അമ്പരപ്പിക്കുന്ന വളർച്ചയായിരുന്നു പാറപ്പുറത്തിൻ്റേത്.

“അരനാഴികനേരം മഹത്വത്തിൻ്റെ അംശമുള്ള നോവലാണ്. പാറപ്പുറത്തിൻ്റെ അനുജത്തി എന്ന കഥ മലയാളത്തിലെ മികച്ച പത്ത് കഥകളിൽ ഒന്നാണ് ” പ്രശസ്ത നിരൂപകൽ എം.കൃഷ്ണൻനായരുടെ വാക്കുകളാണ്. ‘‘ജീനിയെസ് ഉള്ളവരെ നിരാകരിക്കുകയും അതില്ലാത്തവരെ പൊക്കിക്കൊണ്ട് നടക്കുകയും ചെയ്യുന്നവരാണ് നമ്മൾ’’എന്നും പ്രൊഫ. എം കൃഷ്‌ണ‌ൻ നായർ ഒരിക്കൽ സാഹിത്യവാരഫലത്തിൽ കുറിച്ചു. പാറപ്പുറത്തിൻ്റെ കാര്യത്തിൽ അത് അക്ഷരാർത്ഥത്തിൽ ശരിയാണ്. കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞ്‌ നാലു പതിറ്റാണ്ടു കഴിയുമ്പോൾ എം.കൃഷ്‌ണൻനായരുടെ വാക്കുകൾ അന്വർഥമായിത്തന്നെയുണ്ട്‌. അനുഗൃഹീത പ്രതിഭയായിട്ടും മലയാളികൾ വിസ്‌മരിച്ച അദ്ദേഹത്തെ പ്രമുഖ പ്രസാധകരും, സാഹിത്യലോകവും, അക്കാദമികളും അവഗണിച്ചു. വർഷാവർഷം ചരമദിവസം പാറപ്പുറത്തിൻ്റെ നാട്ടിൽ നടക്കുന്ന ഒരു ലഘു അനുസ്മരണ ചടങ്ങിൽ പാറപ്പുറത്തിനെ ചുരുക്കി.

മാവേലിക്കര കിഴക്കേ പൈനും‌മൂട്ടിൽ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായി 1924 നവംബർ 14 ന്‌ മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തിലാണ്‌ പാറപ്പുറത്തിന്റെ ജനനം. കുന്നം സിഎംഎസ് എൽപി സ്കൂൾ, ഗവർമെന്റ്‌ മിഡിൽ സ്‌കൂൾ, ചെട്ടികുളങ്ങര ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം.1944 ൽ പത്തൊൻപതാം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പട്ടാളത്തിലെ കലാപരിപാടികൾക്കായി നാടകങ്ങൾ രചിച്ചായിരുന്നു സാഹിത്യത്തിലേക്കുള്ള കടന്നുവരവ്. 1965ൽപട്ടാളത്തിൽ നിന്നു വിരമിച്ച ശേഷം സാഹിത്യസപര്യയിൽ വ്യാപരിച്ചു. സരിത എന്ന പേരിൽ ഒരു പ്രിൻ്റിംഗ് പ്രസും സ്ഥാപിച്ചു.


1966 ൽ പാറപ്പുറത്തിന്റെ ‘നാലാൾ നാലുവഴി’ എന്ന ചെറുകഥയ്‌ക്കും 1971ൽ ‘അരനാഴികനേരം’ എന്ന നോവലിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. അരനാഴികനേരം, ആകാശത്തിലെ പറവകള്‍, പണിതീരാത്ത വീട്, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, അന്വേഷിച്ചു കണ്ടെത്തിയില്ല എന്നീ നോവലുകള്‍ വെള്ളിത്തിരയിലെത്തി.1948 ല്‍ ‘പുത്രിയുടെ വ്യാപാരം’ എന്ന കഥയാണ്‌ ആദ്യമായി പ്രകാശിതമായത്‌. ‘വെളിച്ചം കുറഞ്ഞ വഴികള്‍ ‘ എന്ന നാടകവും ‘മരിക്കാത്ത ഓര്‍മ്മകള്‍ ‘ എന്ന സ്മരണയും അദ്ദേഹത്തിന്റേതായുണ്ട്‌.

നിണമണിഞ്ഞ കാൽപ്പാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, സ്ത്രീ, അക്കരപ്പച്ച, പണിതീരാത്ത വീട്, സമയമായില്ല പോലും തുടങ്ങി ഇരുപതോളം സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതി.1972ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന്റെ പണി തീരാത്ത വീട് എന്ന സിനിമയുടെ കഥയ്‌ക്കായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. എം.പി.പോൾ പുരസ്ക്കാരവും പാറപ്പുറത്തിനെ തേടിയെത്തി. മരിക്കുമ്പോൾ 57 വയസ് മാത്രമായിരുന്നു പ്രായം. അമ്മിണിയാണ് ഭാര്യ. മൂന്ന് ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്.

പാറപ്പുറത്തിന്റെ മാസ്‌റ്റർ പീസായ അരനാഴികനേരത്തിന്‌ കെ എസ്‌ സേതുമാധവൻ ചലച്ചിത്രഭാഷ്യം നൽകിയപ്പോൾ അതു മലയാളത്തിലെ ശ്രദ്ധേയ സിനിമകളിൽ ഒന്നായി മാറി. കുഞ്ഞോനാച്ചൻ എന്ന നായകനെ കൊട്ടാരക്കര അനശ്വരമാക്കിയ സിനിമയിൽ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പാറപ്പുറത്തായിരുന്നു. പാറപ്പുറത്തിൻ്റെ കഥകളും, നോവലുകളും, സിനിമാ സംഭാവനകളും ജീവിതഗന്ധിയും മൂല്യങ്ങളാൽ സമ്പന്നവുമായിരുന്നു.