✍️ ചന്ദ്രപ്രകാശ്.എസ്.എസ്
കീഴ് വെൺമണി എന്നത് 44 ദളിതരെ ഒരുമിച്ച് ചുട്ടെരിച്ച തമിഴ്നാട്ടിലെ ഒരു ഗ്രാമം. ദളിതർക്കെതിരെ സവർണർ നടത്തിയ പൈശാചികമായ നരവേട്ടയിൽ കത്തിക്കരിഞ്ഞവർ എല്ലാവരും പാവങ്ങളും നിരാലംബരുമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നാണ് കീഴ് വെൺമണി കൂട്ടക്കൊല.
1968 ഡിസംബർ 25, സമയം രാത്രി 10 മണിയോടടുക്കുന്നു. ലോകമാകെ ക്രിസ്തുമസ്സ് ആഘോഷം പൊടിപൊടിക്കുന്നു. ഒരു പടി( 600 ഗ്രാം) നെല്ല് അധികകൂലിയായി ചോദിച്ചതിനാണ് സവർണജന്മിമാർ ദളിത് തൊഴിലാളികളെ കുടുംബത്തോടെ കൃസ്തുമസ് രാവിൽ ചുട്ടെരിച്ചത്. അതേസമയം കൂലിപ്രശ്നം മാത്രമായിരുന്നില്ല പ്രശ്നങ്ങൾക്ക് കാരണം. കമ്മ്യൂണിസ്റ്റ് അനുഭാവികളായ ദളിത് തൊഴിലാളികൾ ചെങ്കൊടി താഴ്ത്തണമെന്ന ആവശ്യമായിരുന്നു മുന്നിൽ. കമ്മ്യൂണിസ്റ്റുകളുടെ ശക്തമായ പിന്തുണ സമരത്തിനുണ്ടായിരുന്നു.
തമിഴ്നാട് നാഗപട്ടണം ജില്ലയിലാണ് കീഴ് വെൺമണി എന്ന ഗ്രാമം. ജില്ലാ കേന്ദ്രത്തിൽ നിന്ന് 25 കി.മീറ്റർ ദൂരം സഞ്ചരിച്ചാൽ കീഴ് വെൺമണിയിലെത്താം. പഴയ തഞ്ചാവൂരിലാണ് കീഴ് വെൺമണി. തമിഴ്നാടിന്റെ നെല്ലറയായ തഞ്ചാവൂരിലാകെ സി പി ഐ (എം) നേതൃത്വത്തിൽ കർഷക തൊഴിലാളികൾ മാന്യമായ ജീവിതത്തിനും കൂലി കൂടുതലിനും വേണ്ടി സമര രംഗത്തിറങ്ങിയ കാലം. തീർത്തും ദയനീയമായ അവസ്ഥയിൽ കഴിയുന്ന തൊഴിലാളികൾ. സ്വന്തമായി ഭൂമിയില്ലാതെ കുടികിടപ്പ് കൂരകളിൽ താമസിക്കുന്ന ദളിതർ.
ആയിരക്കണക്കിന് ഏക്കർഭൂമി സ്വന്തമായുള്ള ജന്മിമാർ. എന്തിനും ഏതിനും അധികാരമുള്ള പണ്ണയാർമാർ. യാതൊരു സ്വാതന്ത്യവുമില്ലാത്ത അടിമത്തൊഴിലാളികൾ. ഇതാണ് കീഴ് വെൺമണിയുടെ നേർ ചിത്രം. പ്രഭാതം മുതൽ പ്രദോഷം വരെ നടുവൊടിഞ്ഞ് പണിയെടുത്താൽ, ഒരു നേരത്തെ പഴങ്കഞ്ഞിയും ആഴ്ചയിലൊരിക്കൽ ലഭിക്കുന്ന തുച്ഛമായ കൂലിയുമായിരുന്നു വേതനം. രോഗമാണെങ്കിലും ജോലി ചെയ്യണം. ഇല്ലെങ്കിൽ ചാട്ടവാറടിയുൾപ്പടെ കടുത്ത ശിക്ഷ. ജന്മിയുടെ അനുമതിയുണ്ടങ്കിലേ വിവാഹം പോലും കഴിക്കാനാവൂ. പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട കുറെ ജന്മങ്ങൾ.
1943 മുതലേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഇവിടെ കർഷക തൊഴിലാളി യൂണിയൻ രൂപീകരിച്ച് പ്രവർത്തനം നടന്നിരുന്നുവെങ്കിലും മദ്രാസിലെ കോൺഗ്രസ്സ് സർക്കാർ യൂണിയൻ പ്രവർത്തനം നിരോധിക്കുകയായിരുന്നു. തൊഴിലാളികൾക്കെതിരെ കള്ളക്കേസും മർദ്ദനവും പതിവായി. നിരവധി പേർ കൊല്ലപ്പെട്ടു.
തമിഴ് ആഢ്യബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മണിയമ്മ എന്നൊരു പൊതുപ്രവർത്തക തൊഴിലാളി പക്ഷത്ത് ഉറച്ചുനിന്ന്, അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ശക്തമായി നിലകൊണ്ടു. തൊഴിൽ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ് മണിയമ്മയെ ചർച്ചയ്ക്ക് ക്ഷണിച്ച ജന്മിമാർ അവർക്ക് നേരെ കാളകൂററനെ കെട്ടഴിച്ചുവിട്ടു. കാളയുടെ കുത്തേറ്റ് മണിയമ്മ കൊല്ലപ്പെട്ടു. ഈ സംഭവം തൊഴിലാളികളെ ഏറെ വേദനിപ്പിച്ചു. അതോടെ അവരുടെ പ്രതിഷേധങ്ങൾക്ക് ആക്കം കൂടി.
അവകാശ സമരത്തിന്റെ ഒരു ഘട്ടത്തിൽ കോൺഗ്രസ്സ് സഹയാത്രികനും ജന്മിയും സവർണ സമുദായക്കാരനുമായ ഗോപാലകൃഷ്ണനായിഡു എന്നൊരു ജന്മിയുടെ നേതൃത്വത്തിൽ തൊഴിലാളികളെ നേരിടാൻ ഒരു ഗൂണ്ടാസംഘം രൂപീകരിച്ചു. പോലീസിന്റെ സർവ്വത്ര പിന്തുണയും സഹായവും ഈ സംഘത്തിന് നിർലോഭം ലഭിച്ചു. തൊഴിലാളികൾക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുക എന്നതായിരുന്നു സംഘത്തിൻ്റെ ജോലി. പോലീസിന്റെ സേവനം കൂടിയായപ്പോൾ സംഘം മതിമറന്നു.
കൂലി കൂടുതൽ വേണമെങ്കിൽ കീഴ് വെൺമണിയിൽ തൊഴിലാളികൾ നാട്ടിയ കൊടികൾ അഴിച്ചു മാറ്റണമെന്ന ഒരു ആവശ്യം സംഘടനയും ഗൂണ്ടകളും മുന്നോട്ടുവച്ചു. തൊഴിലാളികൾ ഈ ആവശ്യം തള്ളി. പുറത്തു നിന്നുള്ള തൊഴിലാളികളെ ഇറക്കി പണിയെടുക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് 1968 ഡിസംബർ 25 രാത്രി 10 മണിയോടുകൂടി ഗോപാലകൃഷ്ണനായിഡുവിന്റെ നേതൃത്വത്തിൽ കള്ളേതോക്കും വാളുകളും ധരിച്ച ഗൂണ്ടകൾ ഗ്രാമം വളഞ്ഞു.പോലീസ് വാനിലാണ് ഇവരെല്ലാവരും ഗ്രാമത്തിലെത്തിയത്.
ഗ്രാമത്തിലെ ഭൂരിപക്ഷം പുരുഷന്മാരും അന്നേരം സമരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വീടിന് പുറത്തായിരുന്നു. ഈ അവസരം മുതലെടുത്താണ് ജന്മിമാരുടെ നേതൃത്വത്തിൽ ഗൂണ്ടകളെത്തിയത്. ഗ്രാമം തന്നെ കത്തിക്കാനാവശ്യമായ എല്ലാ കരുതലോടും സന്നാഹത്തോടും കൂടിയാണ് അവർ പാവങ്ങളെ ചാളകളിലെത്തിയത്.
നിരായുധരായ വൃദ്ധമാതാപിതാക്കളും, സ്ത്രീകളും, കൊച്ച് കുഞ്ഞുങ്ങളും പ്രാണരക്ഷാർത്ഥം പരക്കം പാഞ്ഞു. എന്നാൽ അവർക്ക് ചുറ്റും 150 നോടടുപ്പിച്ച് അക്രമികൾ വലയം തീർത്തിരുന്നു. രക്ഷപ്പെടാനുള്ള ഒരു പഴുതും അവശേഷിച്ചിരുന്നില്ല. ഒട്ടുമുക്കാൽപ്പേരും രാമയ്യൻ എന്ന അവരുടെ പ്രാദേശിക തൊഴിലാളി നേതാവിന്റെ കൊച്ച് കൂരയിൽ അഭയം പ്രാപിച്ചു. രാമയ്യന്റെ കുടിലിനും ആൾക്കാരുണ്ടായിരുന്ന മറ്റു കുടിലുകൾക്ക് നേരേയും
ഗൂണ്ടകൾ നായിഡുവിന്റെ നേതൃത്വത്തിൽ തീയിട്ടു. രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികൾ ഉൾപ്പെടെ 4 പേരെ തീയിലേക്ക് വീണ്ടും കോരി വലിച്ചെറിഞ്ഞു.
44 പേർ മൃഗീയമായി കൊല്ലപ്പെട്ടു.
20 സ്ത്രീകൾ,19 കുട്ടികൾ, 5 പുരുഷന്മാർ നിമിഷ നേരം കൊണ്ട് വെന്ത് വെണ്ണീറായി. ഒട്ടുമിക്ക പേരുടേയും കറുത്ത് കരുവാളിച്ച അസ്ഥികൾ മാത്രം അവശേഷിച്ചു. കുഞ്ഞുങ്ങൾ ചാമ്പലായി. നായിഡുവും സിൽബന്തികളും ദളിതരുടേയും തൊഴിലാളികളുടേയും പ്രത്യാക്രമണം ഭയന്ന് സ്ഥലം പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. സി.എൻ. അണ്ണാദുരൈയാണ് അന്ന് മുഖ്യമന്ത്രി. എം.കരുണാനിധി പൊതുമരാമത്ത് മന്ത്രിയും. ഇരുവരും പെരിയോരുടെ വത്സലശിഷ്യന്മാർ.

സംഘർഷ സാധ്യത പോലീസിന് നന്നായി അറിയാമായിരുന്നു. സമരക്കാർ നേരത്തെതന്നെ അക്രമം നടക്കുമെന്ന വിവരം അറിയിച്ചിട്ടും അവിടെ പോലീസിനെ വിന്യസിക്കാനോ ദളിതർക്ക് സംരക്ഷണം നൽകാനോ ഭരണകൂടം തയ്യാറായില്ല. ദുരന്തത്തിന് ശേഷവും കാര്യമായ ഒരു നടപടിയും ഭരണകൂടം സ്വീകരിച്ചില്ല. തുടർ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ പോലീസ് നിസ്സാരവകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്ക് രക്ഷപ്പെടാൻ പഴുതുകൾ ഒരുക്കി.
വളരെ സെൻസിറ്റീവായ ഒരു കേസ് ആയിട്ടും 1970 ൽ നായിഡു ഉൾപ്പടെയുള്ള പ്രതികളായ പത്തുപേർക്ക് വെറും 10 വർഷത്തെ തടവുശിക്ഷയാണ് ജില്ലാക്കോടതി വിധിച്ചത്. പ്രതികൾ ജയിലിലായി. എന്നാൽ പ്രോസിക്ക്യൂഷൻ വീഴ്ചകൾ മുതലെടുത്തും, പോലീസ് സൃഷ്ടിച്ച പഴുതുകളിലൂടെയും നായിഡുവും മറ്റ് ഒൻപതുപേരും കുറ്റവിമുക്തരായി. 1975 ൽ മദ്രാസ് ഹൈക്കോടതി പ്രതികളെ മുഴുവൻ വെറുതെ വിടുന്ന ഞെട്ടിപ്പിക്കുന്ന വിധി പുറപ്പെടുവിച്ചു. ഇതിനെതിരെ സി പി എം അല്ലാതെ ഒരു രാഷ്ട്രീയപാർട്ടിയോ, ബഹുജന സംഘടനകളോ പ്രതിഷേധിച്ചില്ല.
നായിഡുവിന് ഇരുപത്തിനാല് മണിക്കൂറും പോലീസ് കാവൽ ഉണ്ടായിട്ടും1980 ൽ നായിഡുവിനെ എതിർ ചേരിക്കാർ വധിച്ചു. അനിവാര്യമായ കൊല എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. നന്ദൻ എന്ന 20 കാരനായ യുവാവായിരുന്നു ഈ കേസിലെ മുഖ്യപ്രതി. സംഭവം നടന്ന കൃസ്തുമസ് ശൈത്യകാല രാത്രിയിലെ ദൃക്സാക്ഷികളിൽ ഒരാളായിരുന്ന നന്ദന് അന്ന് 8 വയസ് !
കീഴ്വെൺമണി സംഭവത്തിനു ശേഷം സമഗ്രമല്ലെങ്കിലും ഭൂപരിഷ്ക്കരണ നിയമം സർക്കാരിന് നടപ്പിലാക്കേണ്ടി വന്നു. മിച്ചഭൂമി തൊഴിലാളികൾക്ക് നാമമാത്രമെങ്കിലും പതിച്ചുനൽകി.
പെരിയാർ ഇ.വി.രാമസ്വാമി സംഭവം അപലപിക്കുമെന്നും കൂട്ടക്കൊലയ്ക്കതിരെ രംഗത്തുവരുമെന്നും മദ്രാസിലെ സാധാരണക്കാരും,പാവങ്ങളും,ദളിത് പിന്നോക്കവിഭാഗങ്ങളും വിശ്വസിച്ചു. എന്നാൽ സംഭവം നടന്ന് ഒരു മാസത്തിന് ശേഷം സമരക്കാരെ കുറ്റപ്പെടുത്താനും രക്തസാക്ഷി കുടുംബങ്ങളെ തള്ളിപ്പറയാനുമാണ് പെരിയോർ തയ്യാറായത്.
ഈ നിലപാട് പെരിയോറിന്റെ സാമൂഹ്യ ഇച്ഛാശക്തിക്കു മേൽ വലിയ തോതിൽ കരിനിഴൽ പടർത്തി. “കൂലി ആവശ്യപ്പെടാൻ കഴിയുന്ന ഒന്നല്ല, മറിച്ച് വിപണി നിശ്ചയിക്കുന്ന ഒന്നാണ് “എന്ന ഒഴുക്കൻ മട്ടിലുള്ള ഒരു പ്രസ്താവന നടത്തി പെരിയോർ വിഷയത്തിൽ നിന്നും കൈകഴുകി.”തന്തയ്ക്കും തള്ളയ്ക്കും ജനിച്ച” ജനവിഭാഗങ്ങൾ പെരിയോറിൻ്റെ പ്രസ്താവന ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിൻ്റെ നിലപാട് അന്ന് വലിയ തോതിൽ ചർച്ചയായി.
കീഴ് വെൺമണി സംഭവവുമായി ബന്ധപ്പെട്ട് നിരവധി സിനിമകളും, നോവലുകളും , ഡോക്കുമെന്ററികളും, കവിതകളും, ഗാനങ്ങളും ഉണ്ടായി. ഇന്ദിരാ പാർത്ഥസാരഥിയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ ‘കുരുതിപ്പൂനൽ’ (രക്തത്തിൻ്റെ നദി) ഇതിൽ ശ്രദ്ധേയമാണ്. ഒരു ഇന്ത്യൻ കൂട്ടക്കൊലയുടെ ആദ്യ സാഹിത്യരേഖയാണ് കുരുതിപ്പൂനൽ. സ്വർഗ്ഗം പോലൊരു മനോഹര ഗ്രാമം അസമത്വത്തിൻ്റെ വൃത്തികെട്ട വശം വെളിപ്പെടുത്തി രക്തത്തിൻ്റെ നദിയായി രൂപാന്തരപ്പെടുന്ന കാഴ്ചകൾക്കിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീകളെയും കുട്ടികളെയും വിറക് കൊള്ളികൾ പോലെ തീയിലേക്ക് വലിച്ചെറിയപ്പെട്ട ദയനീയമായ കാഴ്ച നോവൽ അനാവരണം ചെയ്യുന്നു. സംഭവത്തിൻ്റെ യഥാർത്ഥ ഉള്ളറകളിലേക്ക് നോവൽ എത്തിയില്ല എന്ന കാരണം പറഞ്ഞ് നോവലിനെതിരെ നിരവധി വിമർശനങ്ങളും ഉണ്ടായി. സംഭവത്തിലെ രാഷ്ട്രീയ വിഷയം നോവലിൽ പ്രതിപാദിച്ചില്ല എന്ന കാരണത്താൽ നോവലിൻ്റെ കോപ്പികൾ പലരും കത്തിച്ച് പ്രതിഷേധിച്ചു.
ഈ നോവലിൻ്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ശ്രീധർ രാജൻ സംവിധാനം ചെയ്ത 1983 ലെ ചിത്രം “കൺ ശിവന്താൽ മൺ ശിവക്കും.” മലയാളികൾക്ക് സുപരിചിതരായ വിജയ് മേനോൻ, പൂർണ്ണിമ ജയറാം, രവീന്ദ്രൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷക്കാർ.നിരവധി ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ ചിത്രമാണിത്.
മീന കന്തസ്വാമിയും ഈ വിഷയവുമായി ബന്ധപ്പെടുത്തി ഒരു നോവൽ രചിച്ചിട്ടുണ്ട്. The Gypsy Goddess എന്ന പേരിൽ. വെട്രിമാരന്റെ സംവിധാനത്തിൽ ധനുഷും, മഞ്ജുവാര്യരും, പ്രകാശ് രാജും അഭിനയിച്ച അസുരൻ എന്ന സിനിമയുടെ ത്രെഡും ഈ സംഭവമാണ്. ടി.നാഗരാജൻ സംവിധാനം നിർവഹിച്ച് ശരത്കുമാർ, പ്രകാശ് രാജ്, പാർത്ഥിവൻ, ഉർവശി, നഗ്മ തുടങ്ങിയവർ അഭിനയിച്ച 1997ൽ പുറത്തുവന്ന ‘അരവിന്ദൻ’ എന്ന സിനിമയും കീഴ് വെൺമണി കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള ചിത്രമാണ്.
ഭാരതികൃഷ്ണകുമാർ സംവിധാനം ചെയ്ത “രാമയ്യാവിൽ കുടിസൈ”(The hut of Ramaiyah) എന്ന ശ്രദ്ധേയമായ ഡോക്കുമെൻ്ററിയും കീഴ് വെൺമണി കൂട്ടക്കൊലയെപ്പറ്റിയാണ്. ഏറെക്കുറെ വിഷയത്തിൻ്റെ ഉള്ളറകളിലേക്ക് കടക്കാൻ ഈ ഡോക്കുമെൻ്ററിക്കായി. 2000 ൽ എഴുത്തുകാരൻ സോളൈ സുന്ദരപെരുമാൾ എഴുതിയ സെന്നൽ(The red grain)എന്ന പുസ്തകവും, 2007 ൽ പാടാളി എന്ന എഴുത്തുകാരൻ രചിച്ച ‘കിഴൈ തീ'(Fire from the east) എന്ന നോവലും കീഴ് വെൺമണി കൂട്ടക്കൊലയെ അനാവരണം ചെയ്യുന്ന പുസ്തകങ്ങളാണ്.

രാമയ്യന്റെ കുടിൽ സ്ഥിതിചെയ്തിരുന്ന സ്ഥലം ഇന്നൊരു രക്തസാക്ഷി മണ്ഡപമാണ് വർഷാവർഷം ഇവിടെ വിപുലമായ രക്തസാക്ഷി ദിനാചരണം നടക്കുന്നു. ജ്യോതിബസുവാണ് രക്തസാക്ഷി മണ്ഡപത്തിന് അന്ന് തറക്കല്ലിട്ടത്. പ്രധാന ദിവസങ്ങളിൽ ഇവിടേക്ക് ജനങ്ങളുടെ ഒഴുക്കുണ്ടാകും. രക്തസാക്ഷി മണ്ഡപത്തിന് തൊട്ടടുത്ത് തന്നെ 44 രക്തസാക്ഷികളേയും സ്മരിക്കുന്ന പ്രത്യേകം മാതൃകാ സ്മരണ മണ്ഡപവുമുണ്ട്. സന്ദർശകർ ചുവന്ന തുണിയിൽ നെല്ല് പൊതിഞ്ഞ് ഇരുമുടിക്കെട്ട് രൂപത്തിൽ കൊണ്ടുവന്ന് സമർപ്പിക്കും. പുഷ്പങ്ങൾ അർപ്പിക്കുന്നതിന് പകരം നെല്ലാണ് ഇവിടെ സമർപ്പണത്തിനായി കൊണ്ടുവരുന്നത്. വർഷങ്ങളായി
ഇതൊരാചാരം പോലെ തുടരുന്നു. ഒരു പിടി നെല്ലിന് വേണ്ടിയായിരുന്നല്ലോ 44 ജീവനുകൾ കരിക്കട്ടയായത് !
ചരിത്രാന്വേഷണവും ഓർമ്മപ്പെടുത്തലും ചിലപ്പോഴൊക്കെ ഒരു മുറിവിൽ മുളകരച്ച് പുരട്ടിയ അനുഭവങ്ങളാകും. കീഴ് വെൺമണി ഒരു ഒറ്റപ്പെട്ട സംഭവവും ഭൂതകാലത്തിൻ്റെ ഓർമ്മയും മാത്രമല്ല. ദളിതർക്കെതിരെ പ്രയോഗിച്ച ഗൂഢമായ ആയുധമാണ്. മറക്കാനാവാത്ത ഒരു പോരാട്ട ഭൂമികയാണ് കീഴ് വെൺമണി.
അന്തരിച്ച തമിഴ് കവി ഇൻക്വിലാബിൻ്റെ നാല് വരി ഇങ്ങനെ –
“നിങ്ങൾ കത്തിച്ച തീയിൽ
ഞങ്ങളുടെ എല്ലുകളും മാംസങ്ങളും എരിയുന്നു.
നിങ്ങളുടെ കോടതികളും സർക്കാരും
അതിന് ഇന്ധനം ചേർക്കുന്നു”


